തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ ഇടപെടാന്‍ ആകാതെ സപ്ലൈകോ പ്രതിസന്ധിയില്‍. സബ്‌സിഡിയുള്ള 13 ഇന അവശ്യസാധനങ്ങളില്‍ സപ്ലൈകോയില്‍ ഉള്ളത് ചെറുപയറും മല്ലിയും മാത്രമാണ്. സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍ വിതരണക്കാര്‍ എത്തുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാര്‍ പറയുന്നത്.
സപ്ലൈകോയില്‍ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്തുമസ് അടുത്തിട്ടും തീരുന്നില്ല. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെയും റാക്കുകള്‍ കാലിയാണ്. അരിയും പഞ്ചസാരയും മുളകും വെളിച്ചെണ്ണയും അടക്കം അവശ്യസാധനങ്ങള്‍ ഒന്നും ലഭ്യമല്ല. സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെത്താതെ സപ്ലൈകോയില്‍ അവശേഷിക്കുന്നത് മല്ലിയും ചെറുപയറും മാത്രം. അരക്കിലോ സാധനങ്ങള്‍ പോലും കിട്ടാതെ എങ്ങനെ മുന്നോട്ടുപോകും എന്നറിയാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍.
ശമ്പളവും മുടങ്ങി
സബ്സിഡി സാധനങ്ങള്‍ വാങ്ങാനായാണ് പലരും സപ്ലൈകോയിലെക്കെത്തുന്നത്. അവ ലഭിക്കാതായതോടെ മറ്റ് സാധനങ്ങള്‍ക്കും ചെലവില്ലാതായി. ഇത് വില്‍പ്പനയിലും വലിയ ഇടിവുണ്ടാക്കി. പല ഷോപ്പുകളും പ്രതിമാസ വില്‍പ്പന ലക്ഷ്യത്തിനടുത്ത് പോലുമെത്തുന്നില്ല. ഇതോടെ ശമ്പളം നല്‍കാനും പണമില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല. സാധാരണ അതത് മാസത്തെ അവസാനത്തെ പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കുന്നത്. ഇത്തവണ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളം നല്‍കിയിട്ടില്ല.
എന്നാല്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ലഭിച്ചതായും പറയുന്നുണ്ട്. ശമ്പളം മുടങ്ങില്ലെന്നും എല്ലാ ജീവനക്കാര്‍ക്കും ഇന്ന് തന്നെ ശമ്പളം നല്‍കുമെന്നുമാണ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചിരിക്കുന്നത്. സ്പ്ലൈകോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 1,138 കോടിയും കേന്ദ്ര സര്‍ക്കാര്‍ 692 കോടിയും നല്‍കാനുണ്ട്.