ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരടക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 10 ബി.ജെ.പി. പാര്‍ലമെന്റ് അംഗങ്ങള്‍ രാജിവെച്ചു. ലോക് സഭയില്‍ നിന്നുള്ള 9 എം.പിമാരും, രാജ്യസഭയില്‍ നിന്നുള്ള ഒരു എം.പിയുമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് മന്ത്രിമാര്‍ അടക്കമുള്ള എം.പിമാരാണ് രാജിവെച്ചത്.കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമര്‍, പ്രഹ്ലാദ് പട്ടേല്‍ എന്നിവരും മധ്യപ്രദേശില്‍ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനില്‍ നിന്നുള്ള എം.പിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡില്‍ നിന്നുള്ള അരുണ്‍ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജ്യസഭാ എം.പി. കിറോരി ലാല്‍ മീണ രാജയ്‌സഭാ ചെയര്‍മാന് രാജിക്കത്ത് സമര്‍പ്പിച്ചു.
12 ബി.ജെ.പി. എം.പിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. ലോക് സഭാ എംപിമാരായ ബാബാ ബാലക്‌നാഥ്, രേണുക സിങ് എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു. ഇവരും രാജിക്കത്ത് സമര്‍പ്പിക്കാനാണ് സാധ്യത. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടേയും നിര്‍ദേശപ്രകാരം സ്പീക്കറുടെ ഓഫീസില്‍ എത്തിയാണ് എം.പിമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയും എം.പിമാരെ അനുഗമിച്ചു.