തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷഹാനയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ”എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” നൊമ്പരങ്ങളൊക്കെയും ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് 26 കാരി ഡോ. ഷഹാന ജീവനൊടുക്കിയത്.
അതേസമയം, ഷഹാന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍, സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് കൊണ്ടാണെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചിരുന്നു. ഇത് നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും മകള്‍ ഇതിന്റെ പേരില്‍ മനോവിഷമത്തിലായിരുന്നെന്നും ഷഹാനയുടെ കുടുംബം പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹാന. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ നിന്നും ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയില്‍ ഷഹാന കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അതേസമയം, അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയതെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.