നേതാക്കളുടെ അസൗകര്യം കാരണം നാളത്തെ ഇന്ത്യാസഖ്യ യോഗം മാറ്റി. സഖ്യത്തിലെ പ്രധാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം നാളെ ചേരും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസുഖബാധിതനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, സമാജ് വാദ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് നാളത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചത്. വിപുലമായ യോഗം ഡിസംബര്‍ മൂന്നാംവാരമാകും നടക്കുക.
അനിഷ്ടം കാരണമാണ് മമതയു അഖിലേഷ് യാദവും വിട്ടുനില്‍ക്കുന്നതെന്ന സൂചന നിലനില്‍ക്കെയാണ് തീയതി മാറ്റിയത്. മധ്യപ്രദേശില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതായി അഖിലേഷ് യാദവിനും പരാതിയുണ്ട്. മുന്‍കൂട്ടി അറിയിച്ചില്ല എന്നതാണ് മമതയുടെ പരാതി. എന്നാല്‍ മമതയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി രംഗത്തുവന്നു.സഖ്യത്തിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ മാത്രം യോഗം നാളെ വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേരും. നിയമസഭ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഇന്ത്യ സഖ്യം ശക്തിപ്രാപിക്കുമെന്ന് അഖിലേഷ് യാദവ്. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
നാളത്തെ ഇന്ത്യാസഖ്യ യോഗം മാറ്റി