ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വീസയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു കെ

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വീസയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു കെ

ലണ്ടന്‍:സ്റ്റുഡന്റ് വീസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വീസയിലും കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടിഷ് സര്‍ക്കാര്‍. 2024 ഏപ്രില്‍ മുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിന് ആശ്രിത വിസയില്ല. അതായത് പങ്കാളിയെയോ മക്കളെയോ ആശ്രിത വീസയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. മാത്രമല്ല വിദേശികള്‍ക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളം 26,200 പൗണ്ടില്‍നിന്നും 38,700 പൗണ്ടായി ഉയര്‍ത്തുകയും ചെയ്തു. ഫാമിലി വീസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണം.പോയിന്റ് ബെസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സ്‌കില്‍ഡ് വിസയ്ക്ക് വേണ്ടിയിരുന്ന 26,200 എന്ന അടിസ്ഥാന ശമ്പളമാണ് അമ്പത് ശതമാനത്തോളം വര്‍ധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത്. ഇന്നലെ പാര്‍ലമെന്റില്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവേര്‍ലി അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇന്ത്യക്കാരെ പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രഖ്യാപനം.എന്‍.എച്ച്.എസ് റിക്രൂട്ട്‌മെന്റുകളെ ഈ വര്‍ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്‍എച്ച്എസിലെ നഴ്‌സിങ് ആന്‍ഡ് സോഷ്യല്‍ കെയര്‍ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഗണിച്ചാണ് ഈ ഇളവ്.
കൂടാതെ ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റ്റിലുള്ള ജോലികള്‍ക്ക് ത്രഷ്‌ഹോള്‍ഡ് തുകയില്‍ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനിമുതല്‍ ഇല്ലാതാകും.
കെയര്‍ വര്‍ക്കര്‍മാരായി നഴ്‌സിങ് ഹോമുകളില്‍ എത്തുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയറര്‍ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം മാത്രം 2023 ജൂണ്‍ വരെ ബ്രിട്ടനില്‍ 75,717 ആശ്രിത വീസകളാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതിന്റെ ഇരട്ടിയില്‍ അധികമാണ് ഈ സംഖ്യ.

കുടിയേറ്റത്തില്‍ ഉണ്ടായ കനത്ത വര്‍ധനയാണ് ഇത്തരം കഠിന തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിച്ചത്. 2022ലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കടന്നിരുന്നു. 2023 ജൂണ്‍വരെയുള്ള കണക്കും 6,72,000 എന്ന പുതിയ റെക്കോര്‍ഡിലേക്കാണ്. ഇതെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പു സര്‍ക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഒരുവര്‍ഷം കൊണ്ട് കുടിയേറ്റത്തില്‍ 3,00,000 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

2022ല്‍ ഇന്ത്യയില്‍നിന്നാണ് ഏറ്റവും അധികം ആളുകള്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്,ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക്.(253,000). നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്, (141,000). ചൈന (89,000), പാക്കിസ്ഥാന്‍ (55,000), യുക്രെയ്ന്‍ (35,000) എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍.സ്റ്റുഡന്റ് വീസയിലും സര്‍വകാല റെക്കോര്‍ഡാണ്. 4,86,107 സ്റ്റുഡന്റ് വീസകളാണ് 2023ല്‍ അനുവദിച്ചത്. ഇതില്‍ പകുതിയില്‍ അധികവും ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികളാണ്. നൈജീരിയ പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.

 

 

 

ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ് വീസയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു കെ

Share

Leave a Reply

Your email address will not be published. Required fields are marked *