ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയില്‍ ചെന്നൈ വിമാനത്താവളം വെള്ളത്തിലായി. സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസപ്പെട്ടു.
വന്ദേഭാരത് ഉള്‍പ്പടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള 118 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ സെക്ഷനുകളിലും ഓരോ മണിക്കൂറിനിടെ പാസഞ്ചര്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിട്ടുണ്ട്.
ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മിഷോങ് ചുഴലിക്കാറ്റ് നാളെ കരതൊടുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് തമിഴ്‌നാട്. തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റില്‍ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഡാമുകളും ജലസംഭരണികളും നിറഞ്ഞിരിക്കുന്നു. ആറ് ഡാമുകളും സംഭരണശേഷിയുെട 98ശതമാനം നിറഞ്ഞായി ജലവകുപ്പ് അറിയിച്ചു.
ആളുകളോട് വീടിനുള്ളില്‍തന്നെ തുടരാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. വാതിലുകളും ജനലുകളും അടച്ചിടുക, മരങ്ങള്‍ക്കടിയില്‍ അഭയം തേടുക തുടങ്ങിയവയും ഒഴിവാക്കണം. മുന്‍കരുതലെന്ന നിലയില്‍ കേടുവരാത്ത ഭക്ഷ്യവസ്തുക്കള്‍, വെള്ളം, ആവശ്യമായ മരുന്നുകള്‍ തുടങ്ങിയ നിര്‍ണായക സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വടപളനി, താംബരം തുടങ്ങിയ ഇടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതിബന്ധവും ഇന്റര്‍നെറ്റും തകരാറിലാണ്. രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മിഷോങ് ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ ചെന്നൈ, ചെങ്കല്‍പ്പട്ട, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപേട്ട്, വെല്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് തീവ്രമഴയ്ക്കുള്ള സാധ്യതയുമുണ്ട്.
കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയായതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ത്തീരങ്ങളില്‍ കാറ്റിന്റെ വേഗം കൂടിയതിനാല്‍ 12 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ കരയിലേക്ക് അടിക്കുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്നും കടലില്‍ പോയവരോട് തിരിച്ചു വരാനും നിര്‍ദേശമുണ്ട്. മറീന ഉള്‍പ്പടെയുള്ള ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടിലും പിതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ ഒരുക്കിയത്.