വയനാട് മുട്ടില്‍ വിവാദമായ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരന്‍മാരായ ജോസൂട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. ഇതിനൊപ്പം അനുബന്ധ കുറ്റപത്രം കൂടി നല്‍കും. സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്. 420 സാക്ഷികളും കെസിലുണ്ട്.
മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ പട്ടയഭൂമിയില്‍നിന്ന് 104 സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. 1964നു ശേഷം നട്ടു വളര്‍ത്തിയ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറ പിടിച്ചായിരുന്നു മരം മുറി.
നൂറുകണക്കിന് വര്‍ഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങള്‍ പോലും സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വെട്ടിമാറ്റി. കണക്കുകള്‍ പ്രകാരം മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
അന്വേഷണം തുടങ്ങി രണ്ട് വര്‍ഷത്തിനു ശേഷമാണ്് കുറ്റപത്രം നല്‍കുന്നത്. 85 മുതല്‍ 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കാട്ടി കര്‍ഷകരെ വഞ്ചിച്ചു, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമാണ് കുറ്റങ്ങള്‍.
കോടികളുടെ വനംകൊള്ള നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്തുവന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ആദിവാസികളായ ഭൂവുടമകള്‍ മരം മുറിക്കാന്‍ നല്‍കിയ അനുമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.