ദുബായ്: കാലാവസ്ഥ വ്യതിയാനം മൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കുമെന്ന് യുഎഇ. 2030 ആകുമ്പോഴേക്കും ഫണ്ട് നല്‍കുന്നതിന് 25,000 കോടി ഡോളറിന്റെ ക്ലൈമറ്റ് ഫിനാന്‍സ് സ്വരൂപിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമയി നടത്തുന്നതിന് തടസ്സം ഫണ്ടിന്റെ അപര്യാപ്തതയാണെന്നും അതിന് അടിയന്തര പരിഹാരമാണ് യുഎഇയുടെ സാമ്പത്തിക സഹായമെന്നും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അവികസിത രാജ്യങ്ങള്‍ക്കായി പ്രഖ്യാപിച്ച 20 കോടി ഡോളറിന്റെ സഹായം രാജ്യാന്തര നാണ്യനിധിയുടെ ദീര്‍ഘകാലത്തേക്കുള്ള വായ്പയായും തിരിച്ചടയ്‌ക്കേണ്ടാത്ത സഹായമായും വിതരണം ചെയ്യും. ഡോളര്‍, യൂറോ, റെമിന്‍ബി, യെന്‍, പൗണ്ട് കറന്‍സികളില്‍ സൂക്ഷിക്കുന്ന ഫണ്ട് ഐഎംഎഫ് അംഗ രാജ്യങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാം.
2050 ആകുമ്പോഴേക്കും രാജ്യം കാര്‍ബണ്‍ പുറന്തള്ളില്‍ പൂജ്യം നേട്ടം കൈവരിക്കുമെന്നു ലോക നേതാക്കളെ സാക്ഷി നിര്‍ത്തി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് ഘടന പുനര്‍ നിര്‍വചിക്കുന്ന ജോലികളായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട് നടന്നത്. പെട്രോളിയം ഉല്‍പാദക രാഷ്ട്രത്തില്‍ നിന്ന് പുനരുപയോഗം ഊര്‍ജത്തിന്റെ ഉറവിടമായി മാറുന്നതിനുള്ള ശേഷി രാജ്യം നേടുകയാണ്.
അന്തരീക്ഷ മലിനീകരണം പൂജ്യത്തിലെത്തിക്കാനുള്ള വഴിയിലാണ് രാജ്യം. 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളില്‍ 40% കുറവ് എന്ന ലക്ഷ്യം നേടുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇതുവരെ 10,000 കോടി ഡോളര്‍ കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ നിക്ഷേപിച്ചു. ഇതില്‍ മുഖ്യ പങ്കും പുനരുപയോഗ, ഹരിത ഊര്‍ജ മേഖലയിലാണ്. അടുത്ത 7 വര്‍ഷത്തിനകം അടുത്ത 13,000 കോടി ഡോളര്‍ കൂടി ഈ മേഖലയില്‍ നിക്ഷേപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പ്രകൃതിയെയും മണ്ണിനെയും പ്രകൃതി സമ്പത്തിനെയും സ്‌നേഹിക്കണമെന്ന് വിശ്വസിച്ച ഒരു ദീര്‍ഘദര്‍ശിയുടെ പിന്തുടര്‍ച്ചക്കാരാണ് ഞങ്ങള്‍. ശോഭനമായ ഒരു ഭാവിക്കു വേണ്ടി നിലമൊരുക്കിയ മാര്‍ഗദര്‍ശിയാണ് ഞങ്ങള്‍ക്കുള്ളത്. ഈ രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനകാലവും ഭാവിയും നിര്‍വചിച്ച യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ദര്‍ശനങ്ങളെയാണ് ഈ രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം,ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക്
ദുരിതാശ്വാസ പ്രഖ്യാപനവുമായി യുഎഇ