ഗസ്സയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയ വാര്‍ത്തയാണ് ഇന്നലെ മുതല്‍ പുറത്ത് വരുന്നത്. ഇന്നലെ മാത്രം 178 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് മാധ്യമ വാര്‍ത്തകള്‍. ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തിയ അനുരജ്ഞന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലും, ഹമാസും വെടി നിര്‍ത്തല്‍ താല്‍ക്കാലിക കരാറിലെത്തിയത്. ഒരാഴ്ചയായി പലസ്തീനില്‍ വെടിയൊച്ചകള്‍ മുഴങ്ങിയിരുന്നില്ല. എന്നാല്‍ പരസ്പരം പഴിചാരി വീണ്ടും ഇസ്രയേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുമെന്നും, അതിനാവശ്യമായ സൈനിക നടപടികള്‍ തുടരുമെന്നുമാണ് ഇസ്രയേല്‍ ദേശ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇതിനിടയില്‍ അനുരജ്ഞന ശ്രമവുമായി ഖത്തറടക്കമുള്ള രാജ്യങ്ങള്‍ ഇടപെടുന്നത് ആശ്വാസകരമാണ്.
ഏഴു ദിവസത്തെ വെടിനിര്‍ത്തലില്‍ ഹമാസ് 105 ബന്ദികളെ മോചിപ്പിക്കുകയുണ്ടായി. ഇനിയും 137 പേര്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുക, മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുക, ഗാസ ഇസ്രയേലിന് ഒരു കാലത്തും സുരക്ഷാ ഭീഷണിയാകില്ലെന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് സൈനിക നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിക്കുമ്പോള്‍ സമാധാനം അകലെയെന്ന് വ്യക്തമാണ്. പലസ്തീനികളെ ഇല്ലാതാക്കി ഇസ്രയേലിന് സമാധാനം പുലരാനാവുമോ, യുദ്ധം എന്നവസാനിക്കും എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഹമാസും, ഇസ്രയേലും നടത്തിക്കൊണ്ടിരിക്കുന്ന ചോരക്കളിയില്‍ പ്രാണന്‍ നഷ്ടപ്പെടുന്നത് സാധാരണ ജനങ്ങള്‍ക്കാണ്. കുട്ടികളും, സ്ത്രീകളും മരിച്ച് വീഴുമ്പോള്‍ ലോകം വിതുമ്പുകയാണ്. ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് ഇസ്രയേലിനോടും, ഹമാസിനോടും ആയുധം താഴെ വെക്കാന്‍ ആവശ്യപ്പെടണം. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നതിന് ഹമാസും, ഇസ്രയേലും കാലത്തോട് മാപ്പ് പറയേണ്ടി വരും. ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിക്കാന്‍ ഇരുകൂട്ടരും തയ്യാറാവുകയും യുദ്ധം അവസാനിപ്പിക്കുകയും വേണം.