കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഈമാസം 15 വരെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഒന്നാംപ്രതി പദ്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കും അനിതാകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കൊണ്ടുപോയി.
ഞായറാഴ്ച രാവിലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്ന ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് അടൂരിലെ എ.ആര്‍. ക്യാമ്പില്‍നിന്ന് പ്രതികളെ പുറത്തിറക്കിയത്. തുടര്‍ന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യം അഡീഷണല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉന്നയിച്ചു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഭാവവ്യത്യാസങ്ങളേതുമില്ലാതെയാണ് പ്രതികള്‍ കോടതിമുറിക്കുള്ളില്‍ നിന്നത്. ഇവര്‍ പരസ്പരം പലകാര്യങ്ങള്‍ സംസാരിച്ചിരുന്നു. സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ഒരുവര്‍ഷം മുന്‍പേ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. മൂന്നാംശ്രമത്തിലാണ് ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞതെന്നും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ വ്യക്തമാക്കി.
Kidnapping accused Remanded for 14 days