കൊല്ലം: ഓയൂരില്് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്.പത്മകുമാര്‍ (52), ഭാര്യ എം.ആര്.അനിതകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. 10 മണിക്കൂറാണു കെ.ആര്.പത്മകുമാറിനെയും കുടുംബത്തെയും അടൂര്‍ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്. എഡിജിപിയും ഡിഐജിയും ക്യാംപില്‍ തന്നെ തുടരുകയാണ്. ചോദ്യംചെയ്യല്‍ പുനരാരംഭിക്കും.
ആറുവയസ്സുകാരിയുടെ അച്ഛനു പണം നല്‍കിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ കടം വീട്ടാന്‍ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെണ്‍കുട്ടിയുടെ പിതാവില്‍നിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
മകള്‍ക്കു നഴ്സിങ് പ്രവേശനത്തിനു നല്കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പത്മകുമാര്‍ മൊഴി നല്‍കിയെന്നാണു വിവരം. പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോണ്‍ ആപ്പുകളില്‍നിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാര്‍ഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തില്‍ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന് വ്യക്തത കിട്ടേണ്ടതുണ്ട്. പുളിയറ പുതൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങവേയാണ് പ്രതികള്‍ ഇന്നലെ കൊല്ലം പൊലീസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്.പത്മകുമാറും കുട്ടിയുടെ പിതാവും തമ്മില്‍ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തില്‍ മറ്റ് ആര്‍ക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ്.
നവംബര്‍ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയെത്തിയ നീല കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ള കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടില്‍ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.