തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് (കെ.എ.എസ്.) പി.എസ്.സി.യുടെ പുതിയ വിജ്ഞാപനം ഉടനുണ്ടാകില്ല. കേഡര്‍ തസ്തിക 105 ആയി സ്ഥിരീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയതിനാല്‍ കെ.എ.എസില്‍ ഒഴിവില്ലാതായി.കെ.എ.എസിന്റെ രണ്ടാമത്തെ വിജ്ഞാപനം ഈ വര്‍ഷം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഒഴിവ് കണ്ടെത്തല്‍ നീണ്ടുപോയി.2021-ല്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.
കൂടുതല്‍ തസ്തിക നിര്‍ണയിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. പിഴവുകള്‍ പരിഹരിച്ച് കെ.എ.എസിന്റെ വിശേഷാല്‍ചട്ടം ഭേദഗതി ചെയ്യുന്നത് കോടതിയെ അറിയിക്കും.
അതിനിടയില്‍ കേഡര്‍ തസ്തിക നിര്‍ണയത്തിനെതിരേ ആദ്യ റാങ്ക്പട്ടികയിലുള്ളവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. തസ്തിക നിര്‍ണയിച്ചത് കെ.എ.എസ്. ചട്ടത്തിലെ നാല്, 18 വ്യവസ്ഥകള്‍പ്രകാരം ശരിയായരീതിയിലല്ലെന്ന് ഒക്ടോബര്‍ 13-നാണ് ട്രിബ്യൂണല്‍ വിധിച്ചത്.
രണ്ടാം ഗസറ്റഡ് തസ്തികയുടെ 10 ശതമാനം നിര്‍ണയിച്ചാല്‍ തസ്തികകളുടെ എണ്ണം 174 ആകും. അതിനാല്‍ ബാക്കി തസ്തികകളിലും ആദ്യ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിധി മറികടക്കാനാണ് കേഡര്‍ തസ്തികകളുടെ എണ്ണം 105 ആയി നിജപ്പെടുത്തി ഡിസംബര്‍ ഒന്നിന് ഉത്തരവിറക്കിയത്.