ആദിത്യയിലെ ‘സ്വിസ്’ തുറന്ന് ഐഎസ്ആര്‍ഒ സൂര്യനെക്കുറിച്ച് കൂടുതലറിയാന്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

ആദിത്യയിലെ ‘സ്വിസ്’ തുറന്ന് ഐഎസ്ആര്‍ഒ സൂര്യനെക്കുറിച്ച് കൂടുതലറിയാന്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

ബെംഗളൂരു: ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ-എല്‍1-ലെ രണ്ടാമത്തെ ഉപകരണം നവംബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ. ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റിലെ (ASPEX) രണ്ടാം ഉപകരണമായ സോളാര്‍ വിന്‍ഡ് അയോണ്‍ സ്പെക്ട്രോമീറ്റര്‍ (SWISസ്വിസ്) എന്നിവ സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വിവരങ്ങള്‍ ശേഖരിക്കുന്ന രണ്ട് സെന്‍സറുകളാണ് സ്വിസ്സിലുള്ളത്. 360 ഡിഗ്രിയില്‍ ഒന്ന് മറ്റൊന്നിന് ലംബമായുള്ള രണ്ട് പ്രതലങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതില്‍ ഒരു സെന്‍സര്‍ ശേഖരിച്ച രണ്ട് ദിവസത്തെ വിവരങ്ങള്‍ ഗ്രാഫിക്കല്‍ രൂപത്തില്‍ ചിത്രീകരിച്ച ഹിസ്റ്റോഗ്രാമും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.
സൗരവാതത്തിലെ പ്രോട്ടോണുകളെയും ആല്‍ഫാ പാര്‍ട്ടിക്കിളുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സ്വിസ് ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്യുന്നതോടെ സൗരവാതത്തെ കുറിച്ചും അത് ഭൂമിയെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുമെല്ലാം കൂടുതലായി അറിയാന്‍ കഴിയുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിക്കുന്നത്.സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ-എല്‍1, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാന്‍ജ് പോയിന്റ്-1-ല്‍ (എല്‍-1) നിന്നാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. 15 കോടി കിലോമാറ്ററാണ് ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം. സൂര്യന് നേരെ തുടര്‍ച്ചയായി തിരിഞ്ഞുനില്‍ക്കാന്‍ കഴിയുന്നതിനാലാണ് പേടകത്തെ എല്‍-1 പോയിന്റില്‍ സ്ഥാപിച്ചത്.

അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. 1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വി.ഇ.എല്‍.സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.

 

 

 

 

 

ആദിത്യയിലെ ‘സ്വിസ്’ തുറന്ന് ഐഎസ്ആര്‍ഒ
സൂര്യനെക്കുറിച്ച് കൂടുതലറിയാന്‍
പ്രതീക്ഷയോടെ ശാസ്ത്രലോകം

 

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *