ന്യൂഡല്‍ഹി: ഈ വര്‍ഷം ഐ.പി.എല്‍. താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1166 പേര്‍. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ടീമംഗങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്, ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര തുടങ്ങിയവര്‍ ലേലത്തിന് പേര് സമര്‍പ്പിച്ചു. ഇതില്‍ 830 ഇന്ത്യക്കാരും 336 വിദേശതാരങ്ങളുമാണ്. ഡിസംബര്‍ 19-ന് ദുബായിലാണ് മിനിലേലം നടക്കുന്നത്. ടീമുകള്‍ റിലീസ് ചെയ്ത താരങ്ങളാണേറെയും.
ഇന്നലെയായിരുന്നു (വെള്ളിയാഴ്ച)പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം. പേര് നല്‍കിയതില്‍ 212 പേര്‍ അന്താരാഷ്ട്രമത്സരം കളിച്ചവരാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളും 909 അണ്‍ക്യാപ്ഡ് താരങ്ങളുമുണ്ട്.
ഇന്ത്യക്കാരില്‍, അന്താരാഷ്ട്രമത്സരം കളിച്ച വരുണ്‍ ആരോണ്‍, കെ.എസ്. ഭരത്, കേദാര്‍ ജാദവ്, സിദ്ധാര്‍ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മാവി, ഷഹബാസ് നദീം, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സകാരിയ, ശാര്‍ദൂല്‍ ഠാക്കൂര്‍, ജയദേവ് ഉനദ്കട്ട്, ഹനുമ വിഹാരി, ഉമേഷ് യാദവ്, മലയാളിതാരം സന്ദീപ് വാര്യര്‍ എന്നിവരുണ്ട്. ഇതില്‍ കേദാര്‍ ജാദവ്, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുടെ അടിസ്ഥാനവില രണ്ടുകോടിയാണ്. മറ്റുള്ളവരുടേത് 50 ലക്ഷവും.
ഐപിഎല്‍ ലേലം 1166 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു