ചെന്നൈ: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദയ്ക്ക് പിറകെ സഹോദരി വൈശാലി രമേശ്ബാബുചരിത്രം കുറിച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്. ഇന്നലെ സ്‌പെയിനില്‍ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ ജയത്തോടെയായിരുന്നു നേട്ടം. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി വിജയം കൈവരിച്ചത്.
ഇതോടൊപ്പം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും ഇരുവരും സ്വന്തമാക്കി. 2018-ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്.2015-ല്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. പിന്നാലെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വൈശാലിക്ക് ലഭിച്ചു.