കോഴിക്കോട് :ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന
സമൂഹ വിവാഹം – 2023 ലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ സംഘാടക വത്സല ഗോപിനാഥ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
3 ന് (ഞായാറാഴ്ച) രാവിലെ 10 മണിക്ക് എരഞ്ഞിപ്പാലം ആശീര്‍വാദ് ലോണ്‍സില്‍ 12 വനിതകള്‍ വിവാഹിതരാകും.ഉത്തര മേഖല ഐ ജി കെ സേതുരാമന്‍ ഐ പി എസ് മുഖ്യാതിഥിയാകും. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി എ ടി കെ രജീഷ് അധ്യക്ഷത വഹിക്കും.
കുടുംബം തീരുമാനിച്ചുറപ്പിച്ച പെണ്‍കുട്ടികള്‍ക്കാണ് ലയണ്‍സ് ക്ലബ് സമൂഹ വിവാഹത്തില്‍ പരിഗണന നല്‍കിയത്. നിരാലംബരായ പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 7 വര്‍ഷം മുന്‍പ് തുടങ്ങിയ സമൂഹ വിവാഹത്തില്‍ ഇത് വരെ 55 പേരുടെ വിവാഹം നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള തുടരന്വേഷണത്തില്‍ 99 ശതമാനവും വിജയകരമെന്ന് വത്സല ഗോപിനാഥ് പറഞ്ഞു.
വിവാഹത്തിനായി അപേക്ഷ സ്വീകരിച്ചതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രാഥമിക കൗണ്‍സിലിംഗ് നല്‍കി, ഓരോ വധുവിനും 2 പവന്‍ സ്വര്‍ണ്ണം,വിവാഹ സാരി, മേക്കപ്പ്, ബൊക്കെയും മാലയും അത്യാവശ്യ ഡ്രസും അടങ്ങിയ സ്യൂട്ട്‌കേസ് എന്നിവ നല്‍കും. ഓരോ ദമ്പതികളുടെയും ഏറ്റവും അടുത്ത 10 അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
വിഭവ സമൃദ്ധമായ സദ്യയും ഒരുക്കും. കോഴിക്കോട്ടെ ആദ്യ വനിതാ ക്ലബിന്റെ നിയന്ത്രണത്തിലുള്ള പത്മശ്രീ കല്യാണ മണ്ഡപത്തില്‍ 2017 ലാണ് വത്സല ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹത്തിന്റെ തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുകയായിരുന്നു.
പത്ര സമ്മേളനത്തില്‍ കമ്മ്യൂണിറ്റി മാരേജ് അഡീഷ്യനല്‍ ക്യാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥ് , പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെക്രട്ടറി കെ പ്രേംകുമാര്‍ , പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡൈ്വസര്‍ ഇ അനിരുദ്ധന്‍ , ഡിസ്ട്രിക്ട് സെക്രട്ടറി കെ കെ ശെല്‍വ രാജ്, ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് കെ മധുസൂദനന്‍ പങ്കെടുത്തു.
ലയണ്‍സ് ക്ലബ് സമൂഹ വിവാഹം 3ന്