തിരുവനന്തപുരം: കൊല്ലം ഒയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. പിടിയിലായവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം.രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പറയുന്നു. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയില്‍നിന്നു മൂന്നുപേരെയും പിടികൂടിയത്. ഉച്ചക്ക 1.45നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് പ്രാഥമിക വിവരം.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ ിതിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്.
3 പേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാന്‍ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗള്‍ഫില്‍ നിന്നു തുക ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയര്‍ടേക്കറാണെന്നും സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്സിങ് കെയര്‍ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.