സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്താണ് ഹര്‍ജി. പുനര്‍നിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറഞ്ഞു.

നാലു വിഷയങ്ങളിലാണ് പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നു വിഷയങ്ങളില്‍ കോടതി സര്‍ക്കാരിനൊപ്പം നിന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബാഹ്യശക്തികള്‍ക്കു വഴങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനെയും ഗവര്‍ണറെയും ഒരുപോലെ സുപ്രീം കോടതി വിമര്‍ശിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വിസിയായി നിയമിക്കാന്‍ കഴിയില്ല. ഇതു പുനര്‍നിയമനത്തിനു ബാധകമാവില്ലെന്നാണു കേരളത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകനായ വേണുഗോപാല്‍ വാദിച്ചത്. 2 തവണയില്‍ കൂടുതല്‍ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും പുനര്‍നിയമനത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനു വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

 

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി

Share

Leave a Reply

Your email address will not be published. Required fields are marked *