മലിനീകരണം ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവോ? ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം:

മലിനീകരണം ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവോ? ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം:

‘പരിസ്ഥിതി മലിനീകരണം ചികിത്സിക്കുവാന്‍ കഴിയാത്ത ഒരു രോഗമാണ്, ഇത് തടയാന്‍ മാത്രമേ കഴിയുകയുള്ളൂ’ ബാരി കോമണ്‍

നല്ല വായുവും, വെള്ളവും, പരിസരവും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ത്യയില്‍ ആചരിക്കുന്നു. ഭരണകൂടത്തോടൊപ്പം ഓരോ മനുഷ്യനും നിര്‍വഹിക്കേണ്ട ചുമതലകള്‍ കൂടി ഈ ദിനം ഓര്‍മിപ്പിക്കുന്നു. മലിനീകരണം ജീവന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളിയാകുന്ന കാലഘട്ടത്തില്‍ മനുഷ്യന്‍ പ്രകൃതിയെ മലിനമാക്കുവാന്‍ മത്സരിക്കുന്ന കാലത്ത് മലിനീകരണം പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും ദോഷകരമാണ് ഉണ്ടാക്കുന്നത്.
ശാസ്ത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നമ്മുടെ ജീവിതസൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി, മനുഷ്യന്റെ അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനമായ വാര്‍ത്താവിനിമയ ഉപാധികള്‍,വിനോദം മാര്‍ഗ്ഗങ്ങള്‍ എന്നിവ മനുഷ്യ ജീവിതത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചിരിക്കുന്നു, ഇതിനോടൊപ്പം തന്നെ ചുറ്റുപാടുകള്‍ നശിക്കുന്നതും ജീവവായു കളങ്കമാകുന്നതും നിര്‍വികാരതയോടെ നോക്കിനില്‍ക്കാനേ മനുഷ്യര്‍ക്ക് സാധിക്കുന്നുള്ളൂ. മലിനീകരണം ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അപകടകരമാണ് എന്ന തിരിച്ചറിയല്‍ ഉണ്ടാകേണ്ട ഒരു ദിനമാണ് ഡിസംബര്‍ 2.
വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുമ്പോള്‍ അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.പ്രകൃതിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ മനുഷ്യര്‍ നടത്തിയ ഇടപെടല്‍ പ്രകൃതിക്കുണ്ടാക്കിയ ആഘാതം വിവരണാതീതമാണ്. ജൈവമണ്ഡലത്തില്‍ ജീവീയാ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉണ്ട് ,അദൃശ്യമായ രീതിയില്‍ പരസ്പരം ഒത്തുചേര്‍ന്ന് സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നു,ഇതില്‍ ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല എന്നാല്‍ ജീവരൂപങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യന്റെ അശ്രദ്ധയും സ്വാര്‍ത്ഥതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഇളക്കം തട്ടാന്‍ കാരണമാകുന്നു. ശ്വസിക്കുവാന്‍ ശുദ്ധ വായു പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാര്‍ത്ഥങ്ങളും കലര്‍ന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് അന്തരീക്ഷ മലിനീകരണം.
ഡല്‍ഹിയില്‍ ജനജീവിതം ദുസഹമാക്കി ദീപാവലി കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വായു മലിനീകരണം ഓര്‍മിപ്പച്ചാണ് മറ്റൊരു ഡിസംബര്‍ 2 കൂടി കടന്നു വരുന്നത്.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1984 ഡിസംബര്‍ രണ്ടിനുണ്ടായ ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ ഓര്‍മ്മിപ്പിച്ചാണ് എല്ലാവര്‍ഷവും ഡിസംബര്‍ 2 ഇന്ത്യയില്‍ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്.
ഭോപ്പാല്‍ ദുരന്തം
ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വ്യവസായ ദുരന്തങ്ങളില്‍ ഒന്നാണ്. യൂണിയന്‍ കാര്‍ബേഡ് ഇന്ത്യ ലിമിറ്റഡിന്റെ ഭോപ്പാലിലെ വള നിര്‍മ്മാണശാലയില്‍ നിന്ന് വിഷവാതകം പുറത്തേക്കൊഴുക്കി ഉണ്ടായിട്ടുള്ള ദുരന്തം ഏറ്റവും വലിയ മലിനീകരണ ദുരന്തമാണ്.അപകടം ഉണ്ടായ ഉടനെ 2259 പേര്‍ മരിക്കുകയും തുടര്‍ ദിവസങ്ങളിലും ദുരന്തത്തിന്റെ ഫലമായും 25000 പേര്‍ മരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എക്കാലത്തെയും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. യൂണിയന്‍ കാര്‍ബേഡ് കോര്‍പ്പറേഷന്റെ 45 ടണ്‍ മീഥേന്‍ ഐസോസയനേറ്റ് എന്ന കീടനാശിനിയാണ് പുറത്തേക്ക് ഒഴുകി ചുറ്റുവട്ടത്തെ ജനങ്ങളുടെ ജീവന്‍ അപഹരിച്ചത്. ദുരന്തം കഴിഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 2021 ല്‍ 400 ടണ്ണിലധികം വ്യവസായ മാലിന്യങ്ങള്‍ ഇവിടെ കൂടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1979 ല്‍ അമേരിക്കയിലെ
ത്രിമൈല്‍ ഐലന്‍ഡിലെ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ ഉണ്ടായ ദുരന്തവും, 1986 ല്‍ ഉക്രൈനിലെ ചെര്‍ ണോബിലില്‍ അണു റിയാക്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടവും വലിയ ദുരന്തങ്ങളായി കണക്കാക്കപെടുന്നു.
മനുഷ്യനും പരിസ്ഥിതിക്കും അപകടകരമായ വസ്തുക്കള്‍ സ്വതന്ത്രമാകുന്നതിനെയാണ് മലിനീകരണം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദുരന്തമുഖമായി മലിനീകരണം:-

ലോകത്ത് പത്തില്‍ ഒമ്പത് പേര്‍ക്കും സുരക്ഷിതമായി ശ്വസിക്കുവാനുള്ള വായു ലഭിക്കുന്നില്ല. സൂക്ഷ്മമായതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതുമായ വസ്തുക്കള്‍ വായുവില്‍ ചേര്‍ന്ന് പ്രസ്തുത വായു ശ്വസിക്കുമ്പോള്‍ ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവക്ക് കാര്യമായി തകരാര്‍ സംഭവിപ്പിക്കുന്നു. വെള്ളം, വായു, ജലം സര്‍വ്വത്ര മലിനമാണ്, ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളിലും വായു മലിനീകരണം വലിയ പ്രശ്‌നമായി അലട്ടുന്നു. ലോകത്ത് മലിനീകരണം കൂടുതലുള്ള രാജ്യങ്ങളില്‍ ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്നു. വായുമലിനീകരണം രൂക്ഷമായ ലോകത്ത് 50 നഗരങ്ങളില്‍ 39 നഗരവും ഇന്ത്യയിലാണ്. പിഎം( പാര്‍ട്ടിക്കുലര്‍ മാറ്റര്‍ )2.5 ല്‍ കൂടുതല്‍ ഉള്ള നഗരങ്ങളാണ് ഇന്ത്യയില്‍ കൂടുതലും ഉള്ളത്. ലോകത്ത് ഏറ്റവും മലിനമായ 14 നഗരങ്ങളില്‍ 13 എണ്ണവും ഇന്ത്യയിലാണ്.ഇന്ത്യയില്‍ മൊത്തം മരണങ്ങളില്‍ 12.5 % ത്തിന് കാരണം വായു മലിനീകരണമാണ്. ലോകത്തെ രാജ്യങ്ങളില്‍ ചാഡ്,ഇറാക്ക്, പാക്കിസ്ഥാന്‍,ബഹ്‌റൈന്‍, ബംഗ്ലാദേശ്,ബുര്‍ക്കിനോ ഫാസോ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് വായു മലിനീകരണം ഏറ്റവും കൂടുതല്‍ ഉള്ളത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനീകരണം ഉള്ള നഗരം പാക്കിസ്ഥാനിലെ ലാഹോറാണ്,ചൈനയിലെ ഹോട്ടന്‍,രാജസ്ഥാനിലെ ദിവാദി,നാലാമത്തേ നഗരം ഡല്‍ഹിയുമാണ്.

ലോകത്ത് അഞ്ച് തരം മലിനീകരണമാണ് ഉണ്ടാവുന്നത് വായു,വെള്ളം, മണ്ണ്,റേഡിയോ ആക്ടിവ് മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണ്. 5 വയസ്സ് എത്തുന്നതിനുമുമ്പ് ഇന്ത്യയില്‍ പതിനായിരം കുട്ടികളില്‍ 8.5 കുട്ടികളും വായു മലിനീകരണം കാരണം മരിക്കുന്നു. ഇന്ത്യയിലെ നദികളില്‍ 86 % വും മലിനീകരണപ്പെട്ടിരിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുവാനും, വ്യവസായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും, മലിനീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനും,മനുഷ്യന്റെ അശ്രദ്ധകൊണ്ടുള്ള വ്യവസായിക മലിനീകരണം തടയുവാനും ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നു.
ജനജീവിതം വായു മലിനീകരണം കൊണ്ട് തടസ്സപ്പെട്ട ഡല്‍ഹിയിലെ അവസ്ഥ ഈ ദിനത്തില്‍ നൊമ്പരമായി നില്‍ക്കുന്നു. വായു ഗുണനിലവാരം അംഗീകൃതമായ പി എം 2. 5 നിരക്കിനേക്കാള്‍ എത്രയോ അധികമായി ഒരു ഒരു മിനി ഗ്യാസ് ചേമ്പര്‍ പോലെ ഡല്‍ഹി ആയത് നമ്മളെയും തേടിയെത്തുന്നത് അനദി വിദൂരമല്ല എന്ന് ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രകൃതിക്ക് വിഘാതമായി വാഹനങ്ങള്‍:-

വാഹന സാന്ദ്രത അമേരിക്കയ്ക്ക് തുല്യമായ കേരളത്തില്‍ വാഹനങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വായുമലിനീകരണം വിവരണാതീതമായാണ് ഉണ്ടാകുന്നത്. വാഹനങ്ങള്‍ പുറത്തു വിടുന്ന പുകയില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ലെഡിന്റെ ചെറു കണികകള്‍, കത്തിക്കാത്ത ഇന്ധനത്തിന്റെ തരികള്‍, ബെന്‍സീന്‍ എന്നിവ അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്നു . വായു മലിനീകരിക്കപ്പെടാനും അന്തരീക്ഷത്തിന് ചൂടു വര്‍ദ്ധിപ്പിക്കുവാനും ഇത് കാരണമാകുന്നു,കൂടാതെ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളും അന്തരീക്ഷത്തില്‍ മലിനീകരണം ഉണ്ടാക്കുന്നു, ഇതെല്ലാം ഓസോണ്‍ പാളിക്ക് ദ്വാരം വീഴ്ത്തും, അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലെത്താന്‍ ഇത് കാരണമാകുന്നതാണ്.
ഗാര്‍ഹിക മാലിന്യകരണവും വലിയ രീതിയില്‍ പ്രകൃതിയെ ബുദ്ധിമുട്ടിക്കുന്നു.

മലിനീകരണം തിരിച്ചറിയാന്‍ കഴിവുള്ള ചെടികളായ ലൈക്കനുകള്‍ പ്രകൃതിയില്‍ ധാരാളം ഉണ്ടായിരുന്നു എന്നാല്‍ വലിയ രീതിയില്‍ പ്രകൃതി മലിനീകരണപ്പെട്ടതോടെ ലൈക്കനുകള്‍ അടക്കം നശിച്ചു പോകുന്ന അവസ്ഥയാണ് ലോകത്തുണ്ടാവുന്നത്.

വരുന്നു ഓക്‌സിജന്‍ പാര്‍ലറുകള്‍ :-

പ്രതിദിനം 5.75 ലിറ്റര്‍ ഓക്‌സിജന്‍ മനുഷ്യന് ആവശ്യമാണ്. ബ്യൂട്ടിപാര്‍ലര്‍,ഐസ് പാര്‍ലര്‍ എന്നിവ പോലെ ഓക്‌സിജന്‍ പാര്‍ലറുകളും രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ജപ്പാനില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ നിത്യ കാഴ്ചയാണെങ്കില്‍ ഇന്ത്യയില്‍ ഇത് അടുത്തകാലത്താണ് ആരംഭിച്ചിട്ടുള്ളത്.

മലിനപ്പെടുന്ന വെള്ളം:-

ഭൂമിയില്‍ ഏകദേശം 136 കോടി ഘന മീറ്ററോളം ജലം ഉണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്‍ മൂന്നില്‍ രണ്ട് ഭാഗം വെള്ളമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ജനങ്ങള്‍ മലിനജലം ഉപയോഗിക്കുന്നത് കാരണം ലോകത്ത് മരിക്കുന്നു.
ഭൂമിയുടെ 70% സമുദ്രമാണ്, സമുദ്രജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റം വന്നു അന്തരീക്ഷത്തിലെ ചൂട്, കാര്‍ബണ്‍ എന്നിവ കടല്‍ ആഗിരണം ചെയ്യുന്നു അന്തരീക്ഷത്തിലെ 90% ചൂട് വായു സംഭരിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ആഴത്തിലും, 52% സമുദ്രത്തിലും ഉഷ്ണ തരംഗം ഉണ്ടാകുന്നു ഏറ്റവും കുറവ് പി എച്ച് മൂല്യം സമുദ്രത്തില്‍ രേഖപ്പെടുത്തിയത് 2022ലാണ്. മഞ്ഞ് ഉരുകുന്നത് വലിയ ഭീഷണിയാണ്,അന്തരീക്ഷത്തിലെ ക്ലോറിന്റെയും ബ്രൗമിന്റെയും സാന്നിധ്യം ഓസോണ്‍ ശോഷണത്തിന് കാരണമാകുന്നു.

ശബ്ദ മലിനീകരണം:-

പ്രകൃതിക്ക് വലിയ ഭീഷണിയായി വലിയ രീതിയിലുള്ള ശബ്ദ മലിനീകരണം ചുറ്റുവട്ടത്തും ഉയര്‍ന്ന് കേള്‍ക്കുന്നു.
80 ഡെസിബില്‍ ശബ്ദമാണ് മലിനീകരണം സൃഷ്ടിക്കപ്പെടാത്ത ശബ്ദം. 0 മുതല്‍ 10 വരെ ഡെസിബിള്‍ ശബ്ദം ഇലകളുടെ മര്‍മ്മരത്തിന്റെ ശബ്ദത്തിന്റെ തോതാണ്. മനുഷ്യര്‍ തമ്മില്‍ രഹസ്യം പറയുമ്പോള്‍ പത്ത് മുതല്‍ 20 ഡെസിബില്‍ ശബ്ദം പുറപ്പെടുവിക്കുന്നു. 80 ഡെസിബലിനേക്കാള്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നതെല്ലാം അന്തരീക്ഷത്തില്‍ മലിനീകരണം ഉണ്ടാക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

അന്തരീക്ഷത്തില്‍ വായു മലിനീകരണത്തിന് ഹേതുവായ നാലു വാതകങ്ങള്‍
:-

1) സള്‍ഫര്‍ ഡയോക്‌സൈഡ്:- വ്യവസായ മേഖലകളില്‍ നിന്നാണ് പ്രധാനമായും പുറത്തുവരുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ ഇത് പുറത്ത് വരുന്നു.

2) നൈട്രജന്‍ ഓക്‌സൈഡ്:- ഉയര്‍ന്ന ഊര്‍ജ്ജത്തില്‍ ജ്വലനം നടക്കുമ്പോഴാണ് ഇത്തരം വാതകങ്ങള്‍ പുറത്തുവരുന്നത്,
3) കാര്‍ബണ്‍ഡയോക്‌സൈഡ്:- ഭൂമിയുടെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായും ജലാശയങ്ങളില്‍ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു വാതകമാണ് കാര്‍ബണ്‍ഡയോക്‌സൈഡ് ഇത് അന്തരീക്ഷത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ്
4 ഹൈഡ്രോ കാര്‍ബണുകള്‍ : മീഥൈന്‍ പ്രൊപ്പൈന്‍ പോലുള്ള ദ്രാവകങ്ങള്‍, ഹെക്‌സൈന്‍, ബെന്‍സീന്‍ പോലുള്ള കുറഞ്ഞ ഉരുകല്‍ ഖരാപദാര്‍ത്ഥങ്ങള്‍ പാരാഫിന്‍ വാക്‌സ്, നാഫ്തലിന്‍ അല്ലെങ്കില്‍ പോളിമറുകള്‍ ഇവയൊക്കെയാണ് ഹൈഡ്രോ കാര്‍ബണ്‍ പൂര്‍ണ്ണമായും ഹൈഡ്രജനും കാര്‍ബണമടങ്ങിയ ഒരു ജൈവസംയുക്തമാണ് ഹൈഡ്രോകാര്‍ബണ്‍.

100 ദശലക്ഷം പേരെ ബാധിക്കുന്ന മഹാവിപത്താണ് മലിനീകരണം . ഒരു ദശ ലക്ഷം കടല്‍ പക്ഷികള്‍ മലിനീകരണം കൊണ്ട് വര്‍ഷത്തില്‍, കൊല്ലപ്പെടുന്നു ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ വായു മലിനീകരണം കൊണ്ട് ലോകത്ത് മരിക്കുന്നു. 8.9ദശ ലക്ഷം മരണം വായു മലിനീകരണം കൊണ്ട് സംഭവിക്കുന്നു. പോഷകാഹാരക്കുറവ്, സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധപ്പെടലിലൂടെയുള്ള മരണം,മലിനമായ വെള്ളവും ശുചിത്വമി ല്ലായ്മയും ഉണ്ടാകുന്ന മരണം എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ മരണം ലോകത്ത് ഉണ്ടാക്കുന്നത് വായു മലിനീകരണം കൊണ്ടാണ്.
ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നില്‍ രണ്ടും പ്രകൃതിയില്‍ തന്നെ തിരിച്ചെത്തുന്നു. 2050 ആകുമ്പോഴേക്കും കടല്‍ തീരത്ത് പ്ലാസ്റ്റിക്ക് മാലിന്യം തട്ടി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകും. ഒരു വര്‍ഷം 250 ബില്യണ്‍ ടണ്‍ സിന്തറ്റിക്ക് കെമിക്കല്‍ ലോകത്ത് ഉത്പാദിപ്പിക്കുന്നു, ഒരു വര്‍ഷം എട്ടു ദശലക്ഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സമുദ്രത്തില്‍.
എത്തിച്ചേരുന്നു

ലോകത്ത് 50 % കാര്‍ബണ്‍ ബഹിര്‍ഗമനവും നടത്തുന്നത് 10% ആളുകളാണ്, ഇതില്‍ 1% പേരാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നത്.ഏറ്റവും താഴത്തട്ടിലുള്ള 50% ജനങ്ങള്‍ തള്ളുന്നതിനേക്കാള്‍ കൂടുതല്‍ ആണ് 1% ജനങ്ങള്‍
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് 149% വര്‍ദ്ധനവ് ഉണ്ടായി. മീഥേയന്‍ 262 % വും,നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നത് 124% വര്‍ദ്ധനവുണ്ടായി.

ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരിയെക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ തുടര്‍ച്ചയായി 534 ആം മാസമാണ് 2023 ആഗസ്റ്റ് മാസം,ഈ പ്രവണത തുടര്‍ വര്‍ഷങ്ങളിലും തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മലിനീകരണം ഒരു വലിയ അജണ്ടയായി രാജ്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ മനുഷ്യരാശി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ മഹാവിപത്താകും മലിനീകരണം എന്നതില്‍ യാതൊരു സംശയവുമില്ല.

 

 

മലിനീകരണം ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവോ? ഡിസംബര്‍ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം:

Share

Leave a Reply

Your email address will not be published. Required fields are marked *