കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ ലോകത്താകമാനം ദുരന്തങ്ങളുണ്ടാക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ദുബായില്‍ ഇന്ന് ആരംഭിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടി (കോപ്പ് 28)യെ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണം പ്രകൃതിയില്‍ മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതമായ ഇടപെടലുകള്‍ ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഇനിയെങ്കിലും കാര്യക്ഷമമായി ഇടപെടല്‍ നടന്നിട്ടില്ലെങ്കില്‍ ലോക ജനതയുടെ നിലനില്‍പ്പ്തന്നെ അപകടത്തിലാവും. ആഗോള താപനം വര്‍ദ്ധിച്ചു വരുന്നത് കുറയ്ക്കാനും, വ്യവസായ വിപ്ലവത്തിന് മുന്‍പുള്ള അന്തരീക്ഷ താപനിലയിലേക്ക് എത്തിക്കുകയെന്ന പാരീസ് തീരുമാനം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. അന്തരീക്ഷ താപനില 1.5-2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാവാതെ തടയാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. കാലാവസ്ഥ ദുരിതത്തില്‍ നിന്ന് കരകയറാന്‍ അവികസിത രാജ്യങ്ങള്‍ക്ക് 1000 കോടി ഡോളര്‍ നല്‍കുക എന്ന നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
കാലാവസ്ഥയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ മൂലം രാജ്യത്ത് വലിയ കെട
ുതികളാണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് മുവായിരത്തോളം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് (സിഎഎസ്ഇ) എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മിന്നല്‍ എന്നിവയിലാണ് ആളുകള്‍ മരണപ്പെട്ടത്. വ്യാപക കൃഷി നാശവും ഉണ്ടായി. കേരളത്തിലാണ് കാലാവസ്ഥ മാറ്റത്തന്റെ കെടുതികള്‍ വലിയ രൂപത്തിലുണ്ടായിട്ടുള്ളത്. 60 പേരാണ് മരണപ്പെട്ടത്.
കോപ്പ് 28ല്‍ 200ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഭൂമിയുടെ ഭാവിക്കും വരും തലമുറകളുടെ അതിജീവനത്തിനുമുള്ള ഒത്തു ചേരലാണ് ദുബായില്‍ നടക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഈ സംഗമം വഴിയൊരുക്കട്ടെ.