കോഴിക്കോട്: മനുഷ്യത്വത്തിനും സാഹോദര്യത്തിനും പ്രാധാന്യം കൊടുത്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ മലയാളികളുടെ ഗുരുനാഥനാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി.രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥ കര്‍ത്താവ്, കഥാകൃത്ത്, നോവലിസ്റ്റ്, പ്രഭാഷകന്‍, ചലച്ചിത്രകാരന്‍, ശാസ്ത്രകാരന്‍ എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചു. നമ്മള്‍ മറന്നു പോകുന്ന പല മൂല്യങ്ങളും സി.രാധാകൃഷ്ണന്‍ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ സുഖമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് വിശ്വസിക്കുകയും, അതിനായി പ്രയത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍. ഒരു ദിവസം രാത്രി കൊടപ്പനക്കല്‍ തറവാട്ടിലെ ഏതോ മരത്തിന് മുകളിലിരുന്ന് ഒരു പക്ഷി ഉച്ചത്തില്‍ നിരന്തരം കരഞ്ഞപ്പോള്‍ അതിന്റെ കാരണമന്വേഷിച്ച് തങ്ങള്‍ ടോര്‍ച്ചുമെടുത്ത് ഇറങ്ങിയ കഥ സാദിഖലി തങ്ങള്‍ ഓര്‍ത്തെടുത്തു. ശിഹാബ് തങ്ങളും, സി.രാധാകൃഷ്ണനും ഒരേ കാഴ്ചപ്പാടുകളുള്ളവരാണെന്നും, സി.രാധാകൃഷ്ണന് പുരസ്‌കാരം നല്‍കുന്നതിലൂടെ അര്‍ഹതയുടെ കരങ്ങളിലേക്കാണ് പുരസ്‌കാരമെത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ.കെ.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ മുഖ്യാഥിതിയായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, കെ.പി.എ.മജീദ് എം.എല്‍.എ, കെ.പി.രാമനുണ്ണി, പാണക്കാട് ബഷിറലി ശിഹാബ് തങ്ങള്‍, സി.പി.സൈതലവി, ഉമ്മര്‍ പാണ്ടികശാല,എം.എ.റസാക്ക്, ടി.ടി.ഇസ്മയില്‍, എന്‍.സി.അബൂബക്കര്‍, എം.കെ.ഹംസ സംസാരിച്ചു.