വാഷിങ്ടണ്‍: നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിക്കപ്പെടുന്ന നൊബേല്‍ സമ്മാന ജേതാവും യു.എസ്. മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ ഹെന്റി എ. കിസിഞ്ജര്‍ (100) അന്തരിച്ചു. ഇന്നലെ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിഞ്ജര്‍ അസോസിയേറ്റ്സ് അറിയിച്ചു.
നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ കിസിജ്ഞര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്‍.
1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ല്‍ നോബേല്‍ സമ്മാനം ലഭിച്ചു.