കടലുണ്ടി : കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക്് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. കടലുണ്ടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജ്യനല്‍ മാനേജര്‍ ടോംസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ടി എം മുരളീധരന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേന്ദ്ര പെന്‍ഷന്‍ മന്ത്രാലയത്തിന്റെ അനുഭവ് പുരസ്‌കാര ജേതാവ് മോഹനന്‍ നമ്പിടിയാളിനെ ചടങ്ങില്‍ ആദരിച്ചു.
കാര്‍ഷിക മേഖലയില്‍ ഗുണപ്രദമാകുന്ന ഡ്രോണ്‍ സാങ്കേതികവിദ്യ കര്‍ഷകര്‍ക്കായി പരിചയപ്പെടുത്തി. കര്‍ഷകക്ഷേമ പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഒളവണ്ണയില്‍ എത്തിയ വികസിത് ഭാരത് സങ്കല്‍പ് യാത്ര പത്മശ്രീ ചെറുവയാല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.
ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എ ത്തിക്കുന്നത്. കുന്നമംഗലം ബ്ലോക്ക് മുതല്‍ കുന്നുമ്മല്‍ ബ്ലോക്ക് വരെ ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലൂടെ യാത്ര കടന്നുപോകും. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പങ്കെടുക്കും.
ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിലാണ് യാത്ര എത്തുക. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. ജനുവരി 10 വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര നടക്കുക.