സുരക്ഷിതമായ കാറുകളുടെ ഒരു നിരതന്നെ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. മൈലേജും വിലയും മാത്രമല്ല സേഫ്റ്റി കൂടി പരിഗണിക്കണമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച ബ്രാന്‍ഡാണ് ടാറ്റ. വന്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഒത്തിരി യാത്രക്കാര്‍ ടാറ്റ കമ്പനിയുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരണമാണ്. ടാറ്റ മോട്ടോര്‍സിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ നിര്‍മ്മാതാവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കുടി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. പൂര്‍ണമായും തകര്‍ന്ന ടാറ്റ ടിയാഗോയുടെ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ അതില്‍ യാത്രചെയ്യുന്നവര്‍ ജീവനോടെയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്നാല്‍ ടാറ്റയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
റോഡ്സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകളും കാറുകളുടെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന സംഭവങ്ങളും നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒരു യൂട്യൂബ് ചാനലാണ് നിഖില്‍ റാണയുടേത്. അദ്ദേഹത്തിന്റെ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരില്‍ ഒരാളാണ് ടിയാഗോയുടെ അപകടദൃശ്യങ്ങള്‍ പങ്കുവെച്ചത്. ടാറ്റയുടെ ഒരു സര്‍വീസ് സെന്ററില്‍ വെച്ചാണ് അദ്ദേഹം ഈ ടാറ്റ ടിയാഗോ ആദ്യമായി കണ്ടത്. വണ്ടിയുടെ രൂപം കണ്ട് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഡീലര്‍ഷിപ്പ് അധികൃതരോട് സംസാരിക്കുകയായിരുന്നു.
ഒരു ഹൈവേയില്‍ വെച്ചാണ് ടിയാഗോ അപകടത്തില്‍ പെട്ടത്. അമിതവേഗതയില്‍ പാഞ്ഞ ടിയാഗോയുടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഒന്നിലേറെ തവണ കരണം മറിഞ്ഞ ശേഷം രണ്ട് ട്രക്കുകള്‍ക്ക് നടുവിലെത്തുകയായിരുന്നു. മാരക അപകടത്തിന് ശേഷം വണ്ടി ഡീലര്‍ഷിപ്പില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. അപകടത്തില്‍ പെട്ട ടാറ്റ ടിയാഗോയുടെ അവസ്ഥ പരിതാപകരമാണ്. അപകടത്തില്‍ തകരാത്ത ഒരു പാനല്‍ പോലം കാറില്‍ അവശേഷിക്കുന്നില്ല.
ഇത് അപകടം എത്ര ഭയാനകമായിരുന്നുവെന്നതിന്റെ തെളിവാണ്. കാറിന്റെ മുന്‍വശവും ഇടത് വശം മുഴുവനും തകര്‍ന്നിട്ടുണ്ട്. കാറിന്റെ റൂഫും പിന്‍ഭാഗവും തകര്‍ന്നിരിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ആണെന്ന് പറയാന്‍ പറ്റാത്ത തരത്തിലായിരുന്നു കാറിന്റെ രൂപം. അപകടത്തില്‍ പെട്ട ഈ കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവറും മറ്റൊരു യാത്രക്കാരനും രക്ഷപ്പെട്ടുന്നെതാണ് അത്ഭുതകരമായ വസ്തുത. രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കൈ ഒടിഞ്ഞതായാണ് വിവരം. കാറിലെ യാത്രക്കാര്‍ സീറ്റ്ബെല്‍റ്റ് ധരിച്ചതിനാല്‍ അപകടസമയത്ത് കൃത്യമായി എയര്‍ബാഗ് വിന്യസിക്കപ്പെട്ടുവെന്നും അത് രണ്ട് ജീവനുകള്‍ രക്ഷിച്ചുവെന്നുമാണ് കരുതപ്പെടുന്നത്. ഈ ഗുരുതരമായ അപകടത്തിന് ശേഷവും യാത്രക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നത് സേഫ്റ്റി ഫീച്ചറുകള്‍ക്ക് പുറമെ ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി കൂടി കാരണമെന്നാണ് വീഡിയോക്ക് കീഴില്‍ കാഴ്ചക്കാര്‍ കമന്റിടുന്നത്.