കോഴിക്കോട്: അവധിക്കാല യാത്രക്കാരെ ലക്ഷ്യമിട്ട് വിമാനകമ്പനികള്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും അവധിക്കാലത്ത് യാത്ര നിരക്ക് ഉയരാറുണ്ടെങ്കിലും ഇത്തവണ ചില സെക്ടറുകളില്‍ മൂന്ന് ഇരട്ടിയോളമാണ് വര്‍ധനവ്. 13,000 നും 14,000 നും ഇടയിലാണ് കണ്ണൂരില്‍ നിന്ന് ദോഹയിലേക്കുള്ള സാധാരണ നിരക്കെങ്കില്‍ ഡിസംബര്‍ 22 ന് 42000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം.
ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് ഡിസംബര്‍ 22ന് നല്‍കേണ്ടത് 53000 രൂപയ്ക്ക് മുകളിലാണ്. നാല് മടങ്ങോളമാണ് വര്‍ധന. കണ്ണൂരില്‍ നിന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ നിരക്ക് വര്‍ധനവിന്റെ വാര്‍ത്തകള്‍ക്കിടയില്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന ഒരു വാര്‍ത്തയാണ് സൗദി എയര്‍ലൈന്‍സില്‍ നിന്നും വരുന്നത്.
എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ ഓഫറിലൂടെ ഡിസംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്ര ചെയ്യാനാകും. അതേസമയം ഈ ഓഫറിലൂടെ നവംബര്‍ 29 ന് രാത്രി പന്ത്രണ്ട് മണി വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും.
റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി ആവശ്യക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ ഓഫറിന്റെ ആനുകൂല്യം ലഭിച്ചേക്കും.
അതിനിടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസും രംഗത്ത് വന്നിട്ടുണ്ട്. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവാണ് കമ്പനിയുടെ വാഗ്ദാനം.