ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ കൂട്ടായ നീക്കങ്ങള്‍ വേണം എം.കെ രാഘവന്‍ എം.പി

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ കൂട്ടായ നീക്കങ്ങള്‍ വേണം എം.കെ രാഘവന്‍ എം.പി

കോഴിക്കോട് : മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ദേശീയ സ്‌കോളര്‍ഷിപ്പ് സ്‌കീമുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ നീക്കങ്ങള്‍ വേണമെന്ന് എം.കെ രാഘവന്‍ എം.പി. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി അത്തോളി ലക്ഷ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ടീന്‍സ്‌പേസ് ജില്ലാ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

9, 11 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പി.എം യശ്വസ്വി മത്സര പരീക്ഷ അവസാന നിമിഷം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ സമീപനം വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. ഈ വിഷയങ്ങള്‍ നടപ്പ് പാര്‍ലമെന്റ് സെഷനില്‍ ഉന്നയിക്കുമെന്നും എം.പി വ്യക്തമാക്കി.

ദേശീയ തലത്തിലെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ കൂട്ടായ നീക്കങ്ങള്‍ ഉണ്ടാകണം. വര്‍ഗ്ഗീയ നീക്കങ്ങള്‍ക്കെതിരെ മറുപടി നല്‍കേണ്ടത് മതേതര ബഹുസ്വര മൂല്യങ്ങള്‍ മുറുകെ പിടിച്ചാണ്.

പാഠ്യപദ്ധതികളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരണം. അനുദിനം മുന്നേറുന്ന നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ കൂടെ സംയോജിപ്പിച്ചു കൊണ്ടുള്ള കരിക്കുലമാണ് കാലം ആവശ്യപ്പെടുന്നത്. ജീവിത ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കുമാണ് വിദ്യാര്‍ഥികള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഉയരുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് വിസ്ഡം ഉള്‍പ്പെടെയുള്ള സന്നദ്ധ കൂട്ടായ്മകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്നും ഇതിനെതിരെ സംഘടിതമായ നീക്കങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിക്കുന്ന സൈബര്‍ ഉപയോഗത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം. ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസം സമൂഹത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന് ഫലപ്രദമായി വിനിയോഗിക്കാനാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് വി.ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറസാഖ് കൂട്ടില്‍, ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ അത്തോളി, വിസ്ഡം യൂത്ത് സെക്രട്ടറി ജംഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഏകദിന സമ്മേളനത്തിലെ വിവിധ സെഷനുകളിലായി വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീന്‍ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഡോ. ശഹബാസ് കെ അബ്ബാസ്, സഫ്വാന്‍ ബറാമി അല്‍ ഹികമി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡണ്ട് യാസീന്‍ അബൂബക്കര്‍, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീര്‍ അത്തോളി, അബ്ദുറഹിമാന്‍ ചുങ്കത്തറ, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍, അംജദ് മദനി, മുഷ്ത്താക് അല്‍ ഹികമി,ഷാബിന്‍ മദനി പാലത്ത്, അജ്മല്‍ ഫൗസാന്‍ അല്‍ ഹികമി, സുഹൈല്‍ കല്ലായി, സഹല്‍ ആദം, അര്‍ഷദ് ചെറുവാടി, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ ഭാരവാഹികളായ അസ്ലം ചെറുവണ്ണൂര്‍, റുഫൈദ് അത്തോളി, ഷബീര്‍ കാരപറമ്പ്, ബാസില്‍ നന്മണ്ട തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *