മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ദ്രാവിഡിനും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ കരാര്‍ നീട്ടി നല്‍കി. ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡിന്റെ നേരത്തെയുള്ള കരാര്‍ 2023 ലോകകപ്പോടെ അവസാനിച്ചിരുന്നു.
തുടര്‍ന്ന് ഐപിഎല്‍ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. നിലവില്‍ ഓസ്ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലേര്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്.
പുതിയ കരാറില്‍ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 2024 ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ പ്രധാന പങ്ക് ബോര്‍ഡ് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.