കോഴിക്കോട്: നാളികേര കര്‍ഷകരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി തിരുത്തണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ആവശ്യപ്പെട്ടു. നാളികേര കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്ന കൊപ്ര സംഭരണ പദ്ധതി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം മൂലം ഇല്ലാതായിരിക്കുകയാണ്.10860 താങ്ങുവിലയായി അമ്പതിനായിരം ടണ്‍ കൊപ്ര ആറുമാസം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുമതിനല്‍കിയെങ്കിലും കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 8105 കൊപ്രമാത്രമാണ് സംഭരിച്ചിട്ടുള്ളത്.അവശേഷിക്കുന്ന ഒരുമാസംകൊണ്ട് പരമാവധി ആയിരംടണ്‍ മാത്രമേ സംഭരിക്കാനാവൂ. ഇത് മൂലം 62കോടിരൂപയുടെ കേന്ദ്ര സഹായമാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ അനുഭവമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ആവശ്യമായ സംഭരണ കേന്ദ്രങ്ങള്‍ പഞ്ചായത്ത് തലങ്ങളില്‍ ആരംഭിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.