അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ:അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. റഷ്യയിലെ ലൈഷെവോയിലാണ് സംഭവം. വീട്ടിലെ ചെറിയ മുറിയില്‍ തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങില്‍ നിന്നാണ് അപകടം.

പച്ചക്കറി എടുക്കാനായി ആദ്യം കയറിയ ഗൃഹനാഥനായ മിഖായേല്‍ ചെലിഷേവ്(42) അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളില്‍നിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി മരണത്തിന് കീഴടങ്ങി. മിഖായേല്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു പോയ ഭാര്യ അനസ്താസിയ(38)ക്കും ഇതേ അനുഭവം തന്നെയുണ്ടായി.

മാതാപിതാക്കള്‍ ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതില്‍ പരിഭ്രമിച്ച് അവിടേക്ക് പോയ മതന്‍ ജോര്‍ജിക്കും (18) മരണം സംഭവിച്ചു. മുറിക്കുള്ളില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ മാതാവ് ഇറൈഡ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. എന്നാല്‍ അവര്‍ വരുന്നതുവരെ കാത്തിരിക്കാതെ ഇറൈഡയും അകത്തു കയറി. അവരും വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു.

മിഖായേലിന്റെയും അനസ്താസിയയുടെയും ഇളയ മകളായ മരിയ ഈ മുറിയില്‍ കയറാതിരുന്നതിനാല്‍ രക്ഷപ്പെട്ടെങ്കിലും അവള്‍ അനാഥയായി. വീട്ടിലെത്തിയ അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യ പരിശോധനയിലാണ് അഴുകിയ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *