ഊര്‍ജം, എല്ലുകളുടെ ആരോഗ്യം, ആന്റി ഓക്സിഡന്റുകള്‍ , തലച്ചോറിന്റെ ആരോഗ്യം, ദഹനത്തിനു സഹായകം ഇങ്ങനെ നിരവധി ഗുണങ്ങള്‍ ഈന്തപ്പഴത്തിനുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മിക്കവരുടെയും ആരോഗ്യസംരക്ഷണ ഡയറ്റില്‍ ഒന്നാമന്‍ ആയിരിക്കും. എന്നാല്‍ വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തില്‍ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലായതുകൊണ്ട് തന്നെ മിതമായി കഴിച്ചില്ലെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കുന്നത് ആരോഗ്യം ശോഷിക്കുന്നതിന് കാരണമായേക്കാം.
ഹൈപ്പര്‍കലീമിയയിലേക്ക് നയിച്ചേക്കാം
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍കലീമിയ. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അവ കൂടുതല്‍ കഴിക്കുന്നത് ഹൈപ്പര്‍കലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 3.6 മുതല്‍ 5.2 മില്ലിമോള്‍ വരെയാണ് ഉണ്ടാവേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 7 മില്ലിമോളില്‍ കൂടുതലായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ശരീരഭാരം വര്‍ദ്ധിപ്പിക്കും
ഈന്തപ്പഴത്തില്‍ കലോറിയും ഊര്‍ജ്ജ സാന്ദ്രതയും കൂടുതലായതിനാല്‍ ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഈന്തപ്പഴത്തിന്റെ ഒരു ഗ്രാമില്‍ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും
ഈന്തപ്പഴത്തില്‍ ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതരം
ഉണങ്ങിയ പഴങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേര്‍ക്കുന്ന രാസ വസ്തുവാണ് സള്‍ഫൈറ്റുകള്‍. ഈന്തപ്പഴത്തിനൊപ്പം ശരീരത്തിലേക്ക് കടക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും. പല ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പല്‍ മൂലവും തിണര്‍പ്പ് ഉണ്ടാകാം.
അലര്‍ജി ഉണ്ടാക്കാം
ആസ്ത്മയുള്ളവരില്‍ 80% ആളുകള്‍ക്കും പൂപ്പല്‍ പോലുള്ള വായുവിലൂടെ പകരുന്ന വസ്തുക്കളോട് അലര്‍ജിയുണ്ട്. ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലര്‍ജിക്ക് കാരണമാകാം.
നാരുകള്‍ അമിതമായാല്‍ പ്രശ്‌നം
നാരുകളാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് അമിതമായി നാരുകള്‍ കഴിക്കുക എന്നാണ്. അതുകൊണ്ട് തന്നെ മലബന്ധം, വയറുവേദന തുടങ്ങിയ വയറുവേദന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.