ഏറ്റവും വൃത്തിയുള്ള ഈ ജില്ലയിലേക്കുള്ള യാത്ര അവിസ്മരണീയമാവും

ഏറ്റവും വൃത്തിയുള്ള ഈ ജില്ലയിലേക്കുള്ള യാത്ര അവിസ്മരണീയമാവും

ഒരു കാലത്ത് തീവ്രവാദത്തിന് പേരുകേട്ടതായിരുന്നു ആസാമിലെ ദിമ ഹസാവോ ജില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശം അറിയപ്പെടുന്നത് വടക്ക്കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ തോറ്റു പോകുന്ന പ്രകൃതിഭംഗിക്കും കൊതിപ്പിക്കുന്ന കാലാവസ്ഥയ്ക്കുമൊപ്പം വൃത്തിക്കും ദിമ ഹസാവോ പ്രസിദ്ധമാണ്. വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ ടൂറിസം മേഖല. സാഹസികത, പരിസ്ഥിതി, ഗ്രാമീണത, കൃഷി, സാംസ്‌കാരികം, ഉത്സവം എന്നിങ്ങനെ അഞ്ച് മേഖലകളില്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ ഒരുക്കുന്നുണ്ട്. കൂടാതെ, സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത മേഖലയായി വികസിപ്പിക്കാനും ദിമ ഹസാവോയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജില്ലയാക്കാനും ലക്ഷ്യമിടുന്നു.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങുകള്‍ കൂടി വരുന്ന ട്രെന്‍ഡിനൊപ്പം സഞ്ചരിക്കാനും ദിമ ഹസാവോ മുന്‍പിലുണ്ട്. വളരെ മനോഹരമായ ഈ പ്രദേശത്ത് ഒരു ഗോള്‍ഫ് കോഴ്സും ഉണ്ട്. ദിമാ ഹസാവോ ആസാമിലെ മറ്റ് ഭാഗങ്ങളുമായും രാജ്യവുമായും റോഡ്, റെയില്‍വേ ശൃംഖല വഴി നല്ല ബന്ധമുള്ളതാണ്. തുരങ്കങ്ങളിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്ന റെയില്‍പ്പാതകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. മലയോര നദികളുടെ തീരങ്ങളിലൂടെയും അവയ്ക്ക് മുകളിലുള്ള ഡസന്‍ കണക്കിന് വിന്റേജ് പാലങ്ങളിലൂടെയും ഈ ട്രെയിന്‍ യാത്ര സഞ്ചാരികളെ കൊണ്ടുപോകും. 2021 ഓഗസ്റ്റില്‍ ഗുവാഹത്തിക്കും ഹാഫ്ലോങ്ങിനുമിടയില്‍ വിസ്റ്റാഡോം ടൂറിസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണം കൂടി.

അതിമനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമുള്ള ഹാഫ്ലോങ് നഗരം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കേ പ്രസിദ്ധമാണ്. കൊളോണിയല്‍ ശൈലിയില്‍ ഇപ്പോഴും നന്നായി പരിപാലിച്ചിരിക്കുന്ന നഗരത്തില്‍, നിരവധി തോട്ടങ്ങളും നന്നായി ആസൂത്രണം ചെയ്ത നടപ്പാതകളും വാഹന ഗതാഗതയോഗ്യമായ റോഡുകളും റസിഡന്‍ഷ്യല്‍ ഹൗസുകളും ബംഗ്ലാവുകളും ഗോള്‍ഫ് കോഴ്സ്, മോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമെല്ലാമുണ്ട്.

ഹഫ്ലോംഗില്‍ നിന്നു 9 കിലോമീറ്റര്‍ അകലെയാണ് ലോകപ്രശസ്ത ജതിങ്ക ഗ്രാമം സ്ഥിതി ചെയ്യുന്നത്. സെപ്തംബര്‍-നവംബര്‍ മാസങ്ങളില്‍ ഇവിടേക്കു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാന്‍ ലോകമെമ്പാടുമുള്ള പക്ഷിശാസ്ത്രജ്ഞരും വിനോദസഞ്ചാരികളുമെത്തുന്നു. ദിമാ ഹസാവോയിലെ മറ്റ് സ്ഥലങ്ങളായ ഹജോംഗ് തടാകം, ലൈസോംഗ്, മൈബാംഗ്, ഉമ്രാങ്സോ എന്നിവിടങ്ങളില്‍ പര്‍വതാരോഹണം, ട്രാക്കിംഗ്, റാഫ്റ്റിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, ഇക്കോ ടൂറിസം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളുണ്ട്.

ഏറ്റവും വൃത്തിയുള്ള ഈ ജില്ലയിലേക്കുള്ള യാത്ര അവിസ്മരണീയമാവും

Share

Leave a Reply

Your email address will not be published. Required fields are marked *