കോഴിക്കോട്: കാലത്തിന് മുമ്പേ നടന്ന പ്രതിഭാ സമ്പന്നനായ എഴുത്തുകാരനായിരുന്നു ടി.വി.കൊച്ചുബാവയെന്ന് കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച കൊച്ചു ബാവ, അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു. മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ മാനസിക അസ്വസ്ഥതകളേയും, സ്വത്വ പ്രതിസന്ധികളേയും ദാമ്പത്യ മൂല്യങ്ങളേയും നവലിബറല്‍ കാലം എങ്ങനെ സ്വാധിനിക്കുമെന്ന് പ്രവചന സ്വഭാവത്തോടെ മനോഹരമായ ശൈലിയില്‍ അവതരിപ്പിച്ച കഥാകാരനായിരുന്നു കൊച്ചുബാവ എന്ന് കഥാകൃത്ത്
ഐസക് ഈപ്പന്‍ അഭിപ്രായപ്പെട്ടു. തനിക്ക് പറയാനുള്ളത് ഉച്ചത്തില്‍ വിളിച്ച് പറയാനുള്ള ധൈര്യം കാണിച്ച കഥാകൃത്തായിരുന്നു കൊച്ചു ബാവയെന്ന് പി.കെ പാറക്കടവ് അനുസ്മരിച്ചു. കാട്ടൂരിന്റെ കഥാകാരന്റെ കഥകള്‍ മലയാള ഭാഷയെയും സാഹിത്യത്തെയും കീഴടക്കിയ അനുഭവങ്ങള്‍ ഡോ. ഖദീജ മുംതാസ് ഓര്‍ത്തെടുത്തു. മലയാള സാഹിത്യത്തില്‍ കൊച്ചുബാവയുടെ വേര്‍പാട് തീര്‍ത്ത ശൂന്യത ഇപ്പോഴും നിലനില്‍ക്കുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു. കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.പി. മമ്മു, കെ ജി രഘുനാഥ് അഷറഫ് കുരുവട്ടൂര്‍, ഡോ സണ്ണി എന്‍.എം, മോഹനന്‍ പുതിയോട്ടില്‍, ജോസഫ് പൂതക്കുഴി, ഹരീന്ദ്രനാഥ്.എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.