ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകര്‍ന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാദൗത്യ സംഘം. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാ കുഴല്‍ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് നാലരക്ക് പുനരാരംഭിച്ചിരുന്നു. രണ്ടര മണിക്കൂര്‍ കൊണ്ട് ഇത് ഒരുമീറ്റര്‍ മുന്നോട്ട് നീങ്ങി. ഇതേ വേഗത്തില്‍ നീങ്ങിയാല്‍ ഇന്ന് രാവിലെ തൊഴിലാളികളെ രക്ഷിക്കാന്‍ കഴിയും.
ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ പത്ത് മീറ്ററാണ് കുഴല്‍ നീക്കേണ്ടത്. വിശ്രമമില്ലാതെ ദൗത്യംസംഘം ഈ ശ്രമം തുടരുകയാണ്. തുടര്‍ച്ചയായുള്ള തിരിച്ചടികള്‍ തരണം ചെയ്താണ് രക്ഷാപ്രവര്‍ത്തനം വിജയത്തോട് അടുക്കുന്നത്. കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ സാധിച്ചതാണ് ദൗത്യത്തിന് വീണ്ടും പ്രതീക്ഷയേകിയത്.
പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ക്ക് ഇടയിലെ ഇരുമ്പും സ്റ്റീല്‍ പാളികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ തുടങ്ങി. മണിക്കൂറുകള്‍ അദ്ധ്വാനിച്ചു ഏതാനും ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കിയ ശേഷം ഇവര്‍ പുറത്തിറങ്ങി. തുടര്‍ന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴല്‍ അകത്തേക്ക് തള്ളി. വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ അകത്തു കയറി അവശിഷ്ടങ്ങള്‍ നീക്കി. ഈ രീതിയില്‍ ഇഞ്ചിഞ്ചായാണ് കുഴല്‍ മുന്നോട്ട് നീക്കുന്നത്.
കൂടുതല്‍ തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കുഴല്‍ സുഗമമായി തൊഴിലാളികളിലേക്ക് എത്തിക്കാം. അതുവഴി അവരെ പുറത്തുകൊണ്ടുവരാം. അതിനിടെ, മലയുടെ മുകളില്‍ നിന്ന് താഴേക്ക് കുഴിച്ചിറങ്ങാനുള്ള ശ്രമവും തുടരുകയാണ്. ആകെയുള്ള 86 മീറ്ററില്‍ ഇതുവരെ 50 മീറ്റര്‍ കുഴിച്ചു. തുരങ്കത്തിലൂടെ കുഴല്‍ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം. 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 17ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.