കൊല്ലം: മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അബിഗേലിന്റെ സഹോദരന്‍ ജോനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മതാധികാരികള്‍ക്കും കേരളത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്. ‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി, സിജി പ്രതികരിച്ചു.
തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുള്‍മുനയില്‍ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോള്‍ നിറയുന്നത് സന്തോഷാശ്രുവാണ്. കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോള്‍ എആര്‍ ക്യാംപില്‍ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങള്‍ക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബിഗേല്‍ വീഡിയോ കോളില്‍ സംസാരിച്ചു.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാന്‍ സഹോദരന്‍ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയില്‍ നിന്ന് കിട്ടിയ വാഹന നമ്പര്‍ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.
അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തുന്നത്. രണ്ട് തവണയാണ് ഫോണ്‍ കോള്‍ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിര്‍ദേശം. പൊലീസ് അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണില്‍ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങള്‍ വാങ്ങിയെന്നും അവര്‍ ഫോണ്‍ വിളിക്കാനുപയോഗിച്ചെന്നുമാണ് കടയുടമ പൊലീസിന് നല്‍കിയ മൊഴി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഒടുവില്‍ കേരളം മുഴുവന്‍ കാത്തിരുന്ന കുട്ടിയെ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ടെത്തുകയായിരുന്നു.