കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരിച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയച്ചേക്കും. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ പരിശോധനയില്‍ 500 രൂപയുടെ 19 നോട്ടുകെട്ടുകള്‍ കണ്ടെടുത്തു. അതേസമയം കേസില്‍ പ്രതിയുടേത് സംശയിക്കുന്ന രേഖാചിത്രം കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

അതേ സമയം, സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേരള പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് അറിയിക്കാനും കേരള പൊലീസ് ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരികെ കിട്ടുന്നതിന് പ്രാര്‍ഥനയിലാണ് കേരളം മുഴുവന്‍. ഇന്നലെ വൈകീട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണ് ഓയൂര്‍ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറെ റെജിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്.

സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരന്‍ ജൊനാഥന്‍ റെജിയും സ്‌കൂള്‍ വിട്ടു സ്‌കൂള്‍ ബസില്‍ വീട്ടിലെത്തി അധിക നേരമായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് അല്‍പനേരത്തിനകം സഹോദരനും സഹോദരിയും വീട്ടില്‍ നിന്നു കഷ്ടിച്ചു 100 മീറ്റര്‍ ദൂരെയുള്ള ട്യൂഷന്‍ ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം നടന്നത്. റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടുതവണയാണ് ഫോണ്‍ ചെയ്തത്.

അതിനിടെ, മുമ്പും അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി മുത്തശ്ശി പറഞ്ഞു. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തശ്ശിയുടെ സാന്നിദ്ധ്യം ദൗത്യത്തിന് തടസ്സമായതായി കണ്ടെത്തി. ‘എന്റെയടുത്തും പറഞ്ഞ് കുട്ടിയുടെ അമ്മയുടെ അടുത്തും പറഞ്ഞു. പോസ്റ്റിന്റെ അവിടെ ഒരു വെള്ള കാര്‍ കിടക്കുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഞങ്ങള്‍ പോകുമ്പോള്‍ നോക്കുന്നുണ്ട്. കാറില്‍ ഒന്നുരണ്ടുപേര്‍ ഇരിക്കുന്നതായും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇവിടെ എല്ലാ വീടുകളിലും വെള്ള കാര്‍ ഉണ്ട്. പ്രദേശത്ത് അങ്ങനെ ഭയപ്പെടേണ്ട സംഭവങ്ങള്‍ ഒന്നുമില്ല. ഇവിടെ ചുറ്റിലും ആളുകള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് ധൈര്യം നല്‍കുകയാണ് ചെയ്തത്’- മുത്തശി മാധ്യമങ്ങളോട് പറഞ്ഞു.

 

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍: മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *