കൊച്ചി: ക്യാംപസുകളില്‍ പുറത്തുനിന്നുള്ളവരുടെ സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരും ഹൈക്കോടതിയും 2015ല്‍ നിര്‍ദേശിച്ചിരുന്നു. സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കടലാസില്‍ ഒതുങ്ങരുതെന്നും എല്ലാ ക്യാംപസുകളിലും കര്‍ശനമായി നടപ്പാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അതു നടപ്പാക്കിയിരുന്നുവെങ്കില്‍ കുസാറ്റില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു.
പ്രഫഷനല്‍ സംഘങ്ങള്‍ക്ക് പണം നല്‍കിയുള്ള ഇത്തരം പരിപാടികള്‍ ക്യാംപസുകളില്‍ പാടില്ലെന്നാണു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ നിര്‍ദേശം. ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ പോലുള്ള പരിപാടികളില്‍ സാങ്കേതികകാര്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്യാംപസുകളില്‍ രാത്രി 9നു ശേഷം നടക്കുന്ന പരിപാടികള്‍ അക്കാലത്ത് ഹൈക്കോടതിയും നിരോധിച്ചിരുന്നു.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വാഹനറാലിക്കിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭത്തിലായിരുന്നു വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ഥികളായിരുന്നു ഹര്‍ജിക്കാര്‍. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നതിനു പിന്നാലെയാണ് ക്യാംപസുകളിലെ പരിപാടികള്‍ക്ക് മാര്‍ഗരേഖ നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.