ബംഗളൂരു: കേരളത്തില്‍ നവകേരള സദസ്സ് പുരോഗമിക്കവെ, കര്‍ണാടക മുഖ്യമന്ത്രിയും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ‘ജന്‍ ദര്‍ശന്‍’ പരിപാടിക്കാണ് തുടക്കമായത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവന്‍ പരാതികള്‍ സ്വീകരിക്കുന്ന രീതിയിലാണ് ‘ജന്‍ ദര്‍ശന്‍’ പരിപാടി.
ബംഗളൂരുവില്‍ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജന്‍ ദര്‍ശന്‍’. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാന്‍ എത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമടക്കം 20 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, എല്ലാ വകുപ്പുകളുടെയും കമ്മീഷണര്‍മാര്‍ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് രണ്ടാം തവണയാണ് ‘ജന്‍ ദര്‍ശന്‍’ സംഘടിപ്പിക്കുന്നത്. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനായി എത്തുന്നവര്‍ക്ക് ക്യു.ആര്‍. കോഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികള്‍ തരംതിരിക്കാനും ഉദ്യോഗസ്ഥര്‍ സംവിധാനം തയാറാക്കി.