16ദിവസം തുരങ്കത്തില്‍; ഇനിയും ദിവസങ്ങളെടുക്കും 41 പേരുടെ രക്ഷയ്ക്ക്

16ദിവസം തുരങ്കത്തില്‍; ഇനിയും ദിവസങ്ങളെടുക്കും 41 പേരുടെ രക്ഷയ്ക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

തുടര്‍ച്ചയായി പ്രതിസന്ധികള്‍ ഉണ്ടായതിനെ തുടര്‍ന്ന് തുരങ്കം സ്ഥിതി ചെയ്യുന്ന കുന്നിന്റെ മുകളില്‍ നിന്ന് ഇന്നലെ മുതല്‍ ലംബമായി തുരക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി വരെ 20 മീറ്റര്‍ അകത്തേയ്ക്ക് തുരക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡ്രില്ല് ചെയ്ത് 700എംഎം വ്യാസമുള്ള പൈപ്പ് കടത്തിവിടാനാണ് അധികൃതരുടെ പരിപാടി. ഇതിലൂടെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ പാത ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അതിനിടെ തിരശ്ചീനമായ ഡ്രില്ലിങ്ങിനായി അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന ഹെവി ഓഗര്‍ ഡ്രില്‍ വെള്ളിയാഴ്ച കേടായതിനാല്‍ പുറത്തെടുക്കുകയാണ്. അവസാന 10-15 മീറ്റര്‍ ദൂരം യന്ത്ര സഹായമില്ലാതെ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൈ കൊണ്ട് അവശിഷ്ടങ്ങള്‍ മാറ്റി തൊഴിലാളികള്‍ക്ക് അരികില്‍ എത്താനും പദ്ധതിയുണ്ട്. ഇത് കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. കുടുങ്ങിയ ഓഗര്‍ ബ്ലേഡുകളും ഷാഫ്റ്റും പൊളിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ആറിഞ്ച് വീതിയുള്ള പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും മറ്റ് സാധനങ്ങളും നല്‍കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ആശയവിനിമയ ശൃംഖലയും സജ്ജമാക്കിയിട്ടുണ്ട്.

16ദിവസം തുരങ്കത്തില്‍; ഇനിയും ദിവസങ്ങളെടുക്കും 41 പേരുടെ രക്ഷയ്ക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *