ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം സുപ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഈ കലണ്ടര്‍ വര്‍ഷം ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ല് പിന്നിടാനാണ് കൊറിയന്‍ കമ്പനിയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി പുത്തന്‍ ലോഞ്ചുകള്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലായിരുന്നു ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്യുവി പുറത്തിറക്കിയത്. അന്നുമുതല്‍ ഇന്നുവരെ ഇവിയുടെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സ്മാര്‍ട്ട് കെയര്‍ ക്ലിനിക് കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാം പ്രഖ്യാപിക്കുന്നതിനിടയിലാണ് കമ്പനി സിഒഒയായ തരുണ്‍ ഗാര്‍ഗ് ഇക്കാര്യം അറിയിച്ചത്.
2023 ജൂലൈയില്‍ ഫ്ലാഗ്ഷിപ്പ് ഇവി 500 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് കമ്പനി പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. 44.95 ലക്ഷം രൂപ ആമുഖ എക്സ്ഷോറൂം വിലയിലായിരുന്നു ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്യുവി വിപണിയില്‍ എത്തിച്ചത്. പിന്നാലെ കാറിന്റെ വില കമ്പനി കൂട്ടി. ഇപ്പോള്‍ 45.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
അയോണിക് 5 ഇവി രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണ് ചെയ്യുന്നത്. കോന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ ഹ്യുണ്ടായി അയോണിക് 5 ഇവിയിലൂടെ ആഡംബര വിഭാഗത്തിലേക്കും കാര്‍ നിര്‍മ്മാതാവ് കാലെടുത്ത് വെച്ചു. ഹ്യുണ്ടായി ഗ്രൂപ്പിന്റെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5. കിയ EV6 ഇവിയും ഇതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിക്കുന്നത്.
കിയയില്‍ നിന്നുള്ള കസിന് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അയോണിക് 5 ഇവിക്ക് കൂടുതല്‍ മത്സരാധിഷ്ഠിത വിലയാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. ഇത് വില്‍പ്പന കുതിച്ചുയരാന്‍ സഹായിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. ഡാര്‍ക്ക് പെബിള്‍ ഗ്രേ തീമിലുള്ള ഡാഷിനൊപ്പം വളരെ മിനിമലിസ്റ്റിക് ക്യാബിനാണ് അയോണിക് 5-ല്‍ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്. ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റ് സജ്ജീകരണത്തിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകള്‍ കാണാം.