കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എന്‍ ഭാസുരാംഗന്റെ വീട്ടില്‍ ഇ.ഡി പരിശോധന. വീട് സീല്‍ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക് ജീവനക്കാരും ഭാസുരാംഗന്റെ വീട്ടിലെത്തി. ഇവരെ ചോദ്യം ചെയ്യും. അതേസമയം റിമാന്റില്‍ കഴിയുന്ന ഭാസുരാംഗനെ നഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ഭാസുരാംഗനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഇനി ഹൃദ്രോഗ വിദഗ്ധന്‍ പരിശോധിക്കും. ഭാസുരാംഗന്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം കണ്ടല ബാങ്കില്‍ നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) പറഞ്ഞു. ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ എന്‍. ഭാസുരാംഗന്‍ മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി ചൂണ്ടിക്കാട്ടി.
തട്ടിപ്പില്‍ ലഭിച്ച പണം എന്തുചെയ്‌തെന്നറിയാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബിനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.