തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകരചനയില്‍ എസ്.സി.ഇ.ആര്‍.ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. പാഠപുസ്തകരചന പൂര്‍ത്തിയാക്കുന്നതില്‍ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് അധ്യാപകരുടെ തീരുമാനം.പാഠപുസ്തകരചനയ്ക്കായി യോഗ്യരായവരെ കണ്ടെത്താന്‍ എസ്.സി.ഇ.ആര്‍.ടി പരീക്ഷ നടത്തിയിട്ടും ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല. അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹരായവരെ തിരുകിക്കയറ്റാന്‍ ഫലം പൂഴ്ത്തിവയ്ക്കുന്നുവെന്നും കെ.പി.എസ്.ടി.എ ആരോപിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില് സര്ക്കാര് ജനാധിപത്യവിരുദ്ധ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് കെ.പി.എസ്.ടി.എയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും.