ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. ഇന്ന് രാവിലെയോടെ തൊഴിലാളികളെ എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് രക്ഷാപ്രവര്‍ത്തക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഗിരീഷ് സിങ് റാവത്ത് പറഞ്ഞു. ഇനി 10 മീറ്റര്‍ ദൂരം മാത്രമേ പൈപ്പ് ഇടാനുള്ളൂ.ഏകദേശം 41 പേരോളം ഉള്ളില്‍ കുടുങ്ങി കിടങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്കായി ആംബുലന്‍സുകളും മെഡിക്കല്‍ സൗകര്യങ്ങളും പുറത്ത് സജ്ജമാണ്. പുറത്തെത്തിച്ച ശേഷം ആരോഗ്യ നില പരിശോധിച്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ രാത്രി തന്നെ ദൗത്യം അവസാനിപ്പിച്ച് തൊഴിലാളികളെ പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്ക് അടുത്ത എടുത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിക്കുകയും ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലാവുകയും ചെയ്തു. ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.ഇതോടെ ദൗത്യം വീണ്ടും മണിക്കൂറുകളോളം വൈകി. നിലവില്‍ ഏകദേശം 9 കുഴലുകള്‍ തുരങ്കത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ ഈ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. ഈ നീക്കം പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനായി മറ്റ് വഴികളും സമാന്തരമായി നോക്കുന്നുണ്ട്. 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.