ലോക ജനതക്ക് അതീവ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇന്നലെ ഗസ്സയില്‍ നിന്നും പുറത്ത് വന്നത്. ഒന്നരമാസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വെടി നിര്‍ത്തല്‍ പ്രാബല്യത്തിലായിരിക്കുകയാണ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ ധാരണയുണ്ടായത്, യുദ്ധം ആര് നടത്തിയാലും അത് മനുഷ്യ രാശിക്ക് വിനാശം തന്നെയാണ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തെല്ലായിടത്തുമുള്ള മനുഷ്യ സ്‌നേഹികള്‍ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയടക്കം ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആയിരക്കണക്കിന് കുട്ടികള്‍, ജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യുഎന്‍ സമാധാന സേനാംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെടുകയുണ്ടായി. മനുഷ്യ ജീവനെ ഇല്ലാതാക്കുന്നതിന് പരിഷ്‌കൃത സമൂഹത്തില്‍ ഒരു ന്യായീകരണവുമില്ല. പ്രാണനെ ഇല്ലാതാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. യുദ്ധംകൊണ്ട് വിജയം നേടാമെന്ന് ഇസ്രയേലും, ഹമാസും കരുതരുത്. യുദ്ധത്തില്‍ മരണപ്പെട്ട നിരപരാധികളുടെ രോദനത്തിന് ആര് ഉത്തരം പറയും. രാജ്യത്തിനും സ്വത്തിനും വേണ്ടി യുദ്ധം ചെയ്യുകയും, അതിനായി ആയുധ ശേഖരണം നടത്തുകയും, ആയുധ കച്ചവടം നടത്തുകയും ചെയ്യുന്നവര്‍ മനുഷ്യ കുലത്തിന്റെ ശത്രുക്കളാണ്. സമാധാനമാണ് ലോകത്തിന്റെ മതം. ശാന്തിയും, സാഹോദര്യവുമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
ഒരു യുദ്ധത്തിലും കേട്ടുകേള്‍വി പോലുമില്ലാത്ത, ആശുപത്രികള്‍ക്ക് നേരെ പോലും ഭീകരാക്രമണമുണ്ടായി. ഇതെല്ലാം ഒരിക്കലും അംഗീകരിക്കാവുന്നതല്ല. വാളെടുത്തവന്‍ വാളാല്‍ എന്നൊരു ചൊല്ലുണ്ട്. ആയുധം കൊണ്ട് അതിക്രമം ചെയ്യുന്നവന് കാലത്തിന്റെ തിരിച്ചടി അനിവാര്യമാണ്. ഗസ്സയില്‍ സമാധാനം പുലരുകയും, ഇസ്രയേലും ഹമാസും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് പോകുകയും ചെയ്താല്‍ ലോക മന:സാക്ഷിക്ക് ആശ്വസിക്കാം.