ഉത്തരകാശി: ടണല്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പതിനൊന്നാം ദിവസവും പുരോഗമിക്കുന്നു. മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ നാളെ തന്നെ 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി.
മണിക്കൂറില്‍ 5 മീറ്റര്‍ വരെ തുരക്കാന്‍ കഴിയുന്ന ഓഗര്‍ മെഷീന്‍ ആണ് സില്‍ക്യാര തുരങ്ക കവാടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നത് തടസപ്പെട്ട സാഹചര്യത്തില്‍ 80 സെന്റിമീറ്റര്‍ വ്യാസമുള്ള പൈപ്പ് ടെലിസ്‌കോപ്പിക് രീതിയില്‍ കടത്തിവിട്ടാണ് ഇന്ന് ദൗത്യം പുനരാരംഭിച്ചത്. ഇത് വരെ 40 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ശേഷിക്കുന്ന 15 മീറ്റര്‍ ദൂരം തുരന്ന് ഇന്ന് തന്നെ തൊഴിലാളികള്‍ക്ക് അടുത്തേക്ക് പൈപ്പ് സ്ഥാപിക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മറ്റ് തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 36 മണിക്കൂറുകള്‍ കൊണ്ട് തൊഴിലാളികള്‍ പുറത്തെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇന്നലെ ഫലവര്‍ഗങ്ങള്‍ ആണ് ഭക്ഷണമായി നല്‍കാന്‍ സാധിച്ചത് എങ്കില്‍ ഇന്ന് പാകം ചെയ്ത ആഹാര സാധനങ്ങള്‍ തൊഴിലാളികള്‍ക്ക് എത്തിച്ച് നല്‍കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളെ പുറത്ത് എത്തിച്ചാല്‍ വൈദ്യ സഹായത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ 20 ആംബുലന്‍സുകളും തുരങ്ക കവാടത്തില്‍ സജ്ജമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതികൂല സാഹചര്യം ഉണ്ടായാല്‍ പുറത്ത് കടക്കാനുള്ള മാര്‍ഗത്തിന്റെ നിര്‍മാണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയില്‍ വിദഗ്ധര്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.