ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ ഗാസയില്‍ നാളെ രാവിലെ ആരംഭിക്കും. നാല് ദിവസത്തേക്കാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്കാണ് പ്രഖ്യാപനം അറിയിച്ചത്. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഈ ആവശ്യത്തെ സാധൂകരിച്ചു.
ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിര്‍ണ്ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.