കോഴിക്കോട്: നവകേരള സദസ്സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പ്രചരണം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ചിലവില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചരണമാണിത്. സര്‍ക്കാര്‍ മെഷിനറി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി നടത്തുന്ന ഈ നാടകം ജനങ്ങള്‍ തള്ളിക്കളയും. ജനങ്ങളുടെ നീറുന്ന വിഷയങ്ങളോ, വികസന പദ്ധതികളിലെ കാലതാമസമോ ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. നവകേരള സദസ്സിനെത്തുന്നത് പാര്‍ട്ടിക്കാരും, ഭീഷണി പേടിച്ച് തൊഴിലുറപ്പ്, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകരുമാണ്. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ കാണാന്‍ പോലും സാധിക്കില്ല. പരാതികള്‍ ബൂത്തില്‍ കൊടുക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. അങ്ങിനെയെങ്കില്‍ കോടികള്‍ ചെലവഴിച്ച് എന്തിനാണീ ധൂര്‍ത്തെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐകാരെ ന്യായീകരിച്ച മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളെ നേരില്‍ കണ്ട് സങ്കടങ്ങള്‍ മനസ്സിലാക്കി, അപ്പപ്പോള്‍ തന്നെ പരിഹാരം ഉണ്ടാക്കിയത് കേരളീയര്‍ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പേ പരാജയപ്പെട്ട സംസ്ഥാന ഭരണത്തിന്റെ മുഖം രക്ഷിക്കാന്‍ പിആര്‍ ഏജന്‍സി നിര്‍ദ്ദേശിച്ച ചെപ്പടി വിദ്യകൊണ്ടൊന്നും ജനങ്ങളുടെ പിന്തുണ നേടാനാവില്ലെന്നദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എം.കെ.രാഘവന്‍.എം.പി,ഡിസിസിപ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍, ടി.സിദ്ദീഖ് എം.എല്‍.എ, ആര്‍.ജയന്ത്,എന്‍.സുബ്രഹ്‌മണ്യന്‍, അഡ്വ.പി.എം.നിയാസ്, കെ.എം.അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.