ന്യൂഡല്‍ഹി: വസ്തുതാ വിരുദ്ധവുമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പതഞ്ജലി ആയുര്‍വേദിക്കിന് ശക്തമായ മുന്നറിയിപ്പു നല്‍കി സുപ്രിം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഓരോ ഉല്‍പ്പന്നത്തിനും ഓരോ കോടി രൂപ വീതം പിഴയിടുമെന്നും കോടതി പറഞ്ഞു. യോഗ ആചാര്യന്‍ ബാബാ രാംദേവിന് ഉടമസ്ഥതയുള്ള കമ്പനിയാണ് പതഞ്ജലി ആയുര്‍വേദ്.
പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് അഹ്സാനുദ്ദീന്‍ അമാനുല്ല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഹര്‍ജിയില്‍ നേരത്തെ കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രാലയങ്ങള്‍ക്കും പതഞ്ജലിക്കും കോടതി നോട്ടീസയച്ചിരുന്നു.
പ്രമേഹം അടക്കമുള്ള അസുഖങ്ങള്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു അടക്കമുള്ള പ്രമുഖ പത്രങ്ങളില്‍ കമ്പനി പരസ്യം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകള്‍ക്ക് വലിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും പരസ്യങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഐഎംഎ കോടതിയെ സമീപിച്ചത്.