കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയുംഅത് കഥാബീജമാക്കി എഴുതുകയും ചെയ്ത എഴുത്തുകാരിയായിരുന്നു അവര്‍. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം നാളെ മകനെത്തിയശേഷം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
നെല്ല് (1972), റോസ്‌മേരിയുടെ ആകാശങ്ങള്‍ (1993), ആരും മരിക്കുന്നില്ല (1987), ആഗ്നേയം (1974), ഗൗതമന്‍ (1986), പാളയം (1981), ചാവേര്‍ (1991), അരക്കില്ലം (1977), കൂമന്‍കൊല്ലി (1984), നമ്പരുകള്‍ (1980), വിലാപം (1997), ആദിജലം (2004), വേനല്‍ (1979), കനല്‍ (1979), നിഴലുറങ്ങുന്ന വഴികള്‍ (1979) (നോവലുകള്‍). തിരക്കിലല്പം സ്ഥലം (1969), പഴയപുതിയ നഗരം (1979), ആനവേട്ടക്കാരന്‍ (1982), ‘ഉണിക്കോരന്‍ ചതോപാധ്യായ (1985), ഉച്ചയുടെ നിഴല്‍ (1976), കറുത്ത മഴപെയ്യുന്ന താഴ്വര (1988), കോട്ടയിലെ പ്രേമ (2002), പൂരം (2003), അന്നാമേരിയെ നേരിടാന്‍ (1988), അശോകനും അയാളും (2006), വത്സലയുടെ സ്ത്രീകള്‍ (2005), വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ (2005), വത്സലയുടെ കഥകള്‍ (1989), പംഗരുപുഷ്പത്തിന്റെ തേന്‍ (1996), കഥായനം (2003), അരുന്ധതി കരയുന്നില്ല (1991), ചാമുണ്ടിക്കുഴി (1989) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
2021-ലാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. എസ്.പി.സി.എസിന്റെ അക്ഷരപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെപേരിലുള്ള അക്ഷരപുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹയായി.
1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു. 1993 മാര്‍ച്ചില്‍ അവിടെനിന്നാണ് വിരമിക്കുന്നത്.
സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരള സാഹിത്യസമിതിയിലെ നിറസാന്നിധ്യംകൂടിയായിരുന്നു വത്സല. കഴിഞ്ഞ 17 വര്‍ഷമായി സാഹിത്യസമിതി അധ്യക്ഷകൂടിയായിരുന്നു അവര്‍.
മലാപ്പറമ്പ് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ ‘അരുണ്‍’ വീട്ടിലായിരുന്നു താമസം. നടക്കാവ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുണ്‍ (ബാങ്ക് ഉദ്യോഗസ്ഥന്‍, ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോ. കെ. നിനകുമാര്‍, ഗായത്രി.സഹോദരങ്ങള്‍: പി. സുമതി, പി. സബിത, പി. സുരേന്ദ്രന്‍, പി. രവീന്ദ്രന്‍, പി. ശശീന്ദ്രന്‍.