വൈദ്യുത കാറുകളുടെ പ്രാദേശിക നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നതിനുള്ള ഒരു നയം തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത വിദേശ ഇവി നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇലോണ്‍മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല, വിയറ്റ്‌നാം ആസ്ഥാനമായുള്ള വിന്‍ഫാസ്റ്റ് തുടങ്ങിയ വിദേശ ഇവി നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ രൂപപ്പെടുന്ന അനുകൂല സാഹചര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരരാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇനിയും അന്തിമമായിട്ടില്ലെങ്കിലും രാജ്യത്തെ പ്രാദേശിക കാര്‍ നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന്റെ പ്രോത്സാഹന നടപടികളില്‍ ആശങ്കാകുലരാണ്. ടെസ്‌ലക്കും മറ്റ് വിദേശ കമ്പനികള്‍ക്കും ഇളവ് നല്‍കുന്നത് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയില്‍ പ്രാദേശിക കമ്പനികള്‍ നടത്തിയതും ഭാവിയില്‍ നടത്താന്‍ പോകുന്നതുമായ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ പ്രാദേശിക നിര്‍മ്മാതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുത വാഹനങ്ങളുടെ പ്രാദേശിക നിര്‍മ്മാണം സുഗമമാക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടും വിദേശ കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവു നല്‍കിയാല്‍ അത് പ്രാദേശിക കാര്‍ നിര്‍മ്മാണ കമ്പനികളെ പ്രതികൂലമായി ബാധിക്കും. വിദേശ കമ്പനികള്‍ രാജ്യത്ത് കമ്പനികള്‍ ആരംഭിക്കുന്നത് വരെയാണ് ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നത്.