ന്യൂഡല്‍ഹി: ബിബിഎ, ബിസിഎ, ബിബിഎം എന്നീ കോഴ്സുകളുടെ പാഠ്യപദ്ധതി അടിമുടി മാറുന്നു.അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ആണ് പരീക്ഷാ ഘടനയിലുള്‍പ്പെടെ പരിഷ്കരിക്കരണം കൊണ്ടുവരുന്നതെന്ന് എഐസിടിഇ ചെയര്മാന് പ്രഫ. ടി.ജി.സീതാറാം വ്യക്തമാക്കി.മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.
ഇപ്പോള്‍ ഈ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ഘടനയിലോ പ്രവര്‍ത്തന രീതിയിലോ മാറ്റമുണ്ടാകില്ല. പുതിയ മാനദണ്ഡം വരുമ്പോള്‍ കോഴ്സുകള്‍ യുജിസിയുടെ കീഴില്‍ നിന്നു മാറ്റുകയല്ല, മറിച്ച് എഐസിടിഇയുടെ അംഗീകാരം കൂടി നേടുകയാണു ചെയ്യേണ്ടത്.
ഹയര്‍ എജ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) പോര്‍ട്ടലിലെ നിര്‍ദേശം അനുസരിച്ചുള്ള രേഖകള്‍ അപ്ലോഡ് ചെയ്താല്‍ എഐസിടിഇ അംഗീകാരം നേടാം. പ്രവേശന മാനദണ്ഡങ്ങളിലോ, അഫിലിയേഷന്, സീറ്റ് എന്നിവയിലോ മാറ്റമുണ്ടാകില്ല. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ എഐസിടിഇ മാനദണ്ഡം പിന്തുടരണം.
അതേസമയം, എഐസിടിഇ എന്‍ജിനീയറിങ്, മാനേജ്മെന്റ് കോഴ്സുകള്‍ക്കു ലഭ്യമാക്കുന്ന എല്ലാ സംവിധാനങ്ങളും ബിരുദ കോഴ്സുകള്‍ക്കും ലഭിക്കും. സ്കോളര്‍ഷിപ്പുകള്‍, തൊഴില്‍ പോര്‍ട്ടല്‍ സൗകര്യങ്ങള്‍, അധ്യാപക പരിശീലന പരിപാടികള്‍ എന്നിവയുടെയെല്ലാം നേട്ടം ലഭിക്കും. സാങ്കേതിക വിദ്യാഭ്യാസ, മാനേജ്മെന്റ് രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാകും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും ചെയര്മാന് പറഞ്ഞു.